രാഷ്ട്രീയത്തിലേക്ക് മാസ് എൻട്രി നടത്താൻ വിജയ് ഒരുങ്ങുന്നു; രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകി

ചെന്നൈ: തമിഴ് സിനിമാലോകവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം യുവതലമുറ നടന്മാരിലൂടെയും ആവർത്തിക്കുന്നു. തമിഴ്‌നാടിനെ തന്നെ ഇളക്കി മറിക്കുന്ന തരത്തിൽ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കാൻ നടൻ വിജയ് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്.

തന്റെ ആരാധക സംഘടനയുടെ പേരിൽ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാൻ നടൻ വിജയ്‌യുടെ പിതാവ് എസ്എ ചന്ദ്രശേഖരൻ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകി. എസ്എ ചന്ദ്രശേഖറിന്റെ പേരാണ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയുടെ സ്ഥാനത്ത് നൽകിയിരിക്കുന്നത്.

വിജയും പിതാവും മാത്രമല്ല കുടുംബക്കാരുടെ നീണ്ടനിര തന്നെ താരത്തിന്റെ പാർട്ടിയുടെ നേതൃസ്ഥാനത്തുണ്ട്. ട്രഷററായി വിജയ്‌യുടെ മാതാവ് ശോഭ ചന്ദ്രശേഖരനും പ്രസിഡന്റായി ബന്ധു പത്മനാഭനുമാണ് നേതൃനിരയിലുള്ളത്.

ഇവരുടെ പേരുകൾ കൂടി ഉൾപ്പെടുത്തിയാണ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ അനുമതി തേടിയിരിക്കുന്നത്. അഖിലേന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരാണ് പാർട്ടിക്ക് നൽകിയിരിക്കുന്നത്.

അതേസമയം, വാർത്തകൾ തെറ്റാണെന്ന പ്രസ്താവനയുമായി വിജയ്‌യുടെ പിആർഒ റിയാസ് ഖാൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലോടു കൂടിയാണ് ഇത് സംബന്ധിച്ച രേഖകൾ പുറത്ത് വന്നിരിക്കുന്നത് എന്നതിനാൽ തന്നെ റിയാസ് ഖാന്റെ വാക്കുകൾ ആരാധകർ വിശ്വസിച്ചിട്ടില്ലോ.

Exit mobile version