മോഡി യാത്രകളുടെ എണ്ണം കൂട്ടണമെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ യുവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും കേള്‍ക്കണമെന്ന് സന്ദീപ് വാര്യര്‍

തിരുവനന്തപുരം: വിദേശ യാത്രകള്‍ നടത്തിയതിന്റെ പേരില്‍ പ്രധാനമന്ത്രി വിമര്‍ശനം നേരിടുന്നതില്‍ പ്രതികരിച്ച് പ്രശസ്ത സഞ്ചാരിയും സഫാരി ടിവി എംഡിയുമായ സന്തോഷ് ജോര്‍ജ് കുളങ്ങര. വിമര്‍ശനം കാരണം പ്രധാനമന്ത്രി നരേന്ദ്ര മോഡി യാത്രകള്‍ കുറയ്ക്കുകയല്ല യാത്രകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടതെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞതായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പറഞ്ഞു.

പ്രധാനമന്ത്രി യാത്ര കുറയ്ക്കുകയല്ല, പകരം വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടതെന്ന് സന്തോഷ് തന്നോട് പറഞ്ഞതായി ബി ജെ പി വക്താവ് സന്ദീപ് വാര്യര്‍ വ്യക്തമാക്കുന്നു. സന്തോഷ് ജോര്‍ജ് കുളങ്ങരയെ മരങ്ങാട്ട്പള്ളിയില്‍ സന്ദര്‍ശിച്ച വിവരം പങ്കുവെച്ചുകൊണ്ടാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലൂടെ ഇക്കാര്യം പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘മലയാളിയെ യാത്ര ചെയ്യാന്‍ മോഹിപ്പിച്ച സഞ്ചാരിയെ, സന്തോഷ് ജോര്‍ജ് കുളങ്ങരയെ മരങ്ങാട്ട്പള്ളിയില്‍ സന്ദര്‍ശിച്ചു. ഒരു മണിക്കൂറോളം സമയം അദ്ദേഹത്തിന്റെ സഞ്ചാരാനുഭവങ്ങളും കാഴ്ചപ്പാടുകളും നേരിട്ടു കേള്‍ക്കാന്‍ കഴിഞ്ഞു. കേരളത്തെ സംബന്ധിച്ച , മാറേണ്ട മലയാളി മനഃസ്ഥിതിയെപ്പറ്റിയുള്ള സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ കാഴ്ചപ്പാടുകള്‍ യുവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും കേള്‍ക്കേണ്ടതാണ്. ഭാവി കേരളത്തെ സംബന്ധിച്ച എന്റെ ചിന്തകളും അദ്ദേഹത്തിന്റെ വീക്ഷണങ്ങളും തമ്മില്‍ ഏറെ സാമ്യതകള്‍ ഉള്ളതായി തോന്നി.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശനം കാരണം യാത്രകള്‍ കുറയ്ക്കുകയല്ല യാത്രകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടതെന്നാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ അഭിപ്രായം . ലോകത്ത് എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രതിവിധികള്‍ ഉണ്ട്. ലോകത്ത് നടക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും പുതിയ ആശയങ്ങള്‍ സ്വായത്തമാക്കാനും യാത്രകള്‍ സഹായിക്കും. അങ്ങനെ സ്വായത്തമാക്കുന്ന പുതിയ അറിവുകള്‍ , ആശയങ്ങള്‍ ഇന്ത്യാക്കാര്‍ക്ക് വേണ്ടി നടപ്പിലാക്കാന്‍ കഴിയുന്നത് പ്രധാനമന്ത്രിക്ക് മാത്രമാണ്.

സീറോ ഗ്രാവിറ്റി എന്ന അനുഭവം എന്താണെന്ന് എങ്ങനെ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കും എന്നതാണ് കെന്നഡി സ്പേസ് സ്റ്റേഷനിലെ പരിശീലനത്തിനു ശേഷം താന്‍ നേരിട്ട പ്രതിസന്ധി എന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു. യാത്രകള്‍ നല്‍കുന്ന അനുഭവവും അനുഭൂതിയും പറഞ്ഞു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന്റെ കയ്യൊപ്പിട്ട ഒരു പുസ്തകവും സമ്മാനിച്ചാണ് ലേബര്‍ ഇന്ത്യ ആസ്ഥാനത്തു നിന്നും യാത്രയാക്കിയത്’.

Exit mobile version