പാകിസ്താന്‍ റോഡ് നിറയെ മോഡിയുടെയും അഭിനന്ദന്‍ വര്‍ദ്ധമാന്റെയും ചിത്രങ്ങള്‍! കാരണം ഇതാണ്

ഇസ്ലാമാബാദ്: പാകിസ്താന്‍ റോഡ് നിറയെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെയും ചിത്രങ്ങള്‍. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഈ വാര്‍ത്തയ്ക്കും ചിത്രത്തിനും പിന്നിലെ കാരണം ഇതാണ്.

അഭിനന്ദന്‍ വര്‍ദ്ധമാനുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന് പിന്നാലെ പിഎംഎല്‍ (എന്‍) നേതാവും, പാകിസ്ഥാന്‍ ദേശീയ അസംബ്ലി മുന്‍ സ്പീക്കറുമായ അയാസ് സാദിഖിനെതിരെ വിമര്‍ശനം ശക്തമായിരിക്കുകയാണ്. പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാര്‍ട്ടിയുടെ പ്രമുഖ നേതാവായ സാദിഖിനെതിരെ സ്വന്തം മണ്ഡലത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

ഇന്ത്യ ആക്രമിക്കുമോ എന്ന പേടികൊണ്ടാണ് പാകിസ്ഥാന്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ മോചിപ്പിച്ചതെന്നായിരുന്നു പാക് പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം. അതേസമയം സാദിഖിനെതിരെയുള്ള പോസ്റ്ററുകള്‍ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ നിരത്തുകളില്‍ പതിപ്പിച്ചിട്ടുണ്ട്.

ചില പോസ്റ്ററുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും, അഭിനന്ദനെയും കാണാം. പാകിസ്ഥാന്റെ പിടിയിലായ അഭിനന്ദന്റെ മോചനവുമായി ബന്ധപ്പെട്ടായിരുന്നു സാദിഖിന്റെ പരാമര്‍ശം. ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിലാണ് അയാസ് സാദിഖ് ഇക്കാര്യം വെളിപ്പടുത്തിയത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരില്‍ നടന്ന പുല്‍വാമ ഭീകരാക്രമത്തിന് ബലാകോട്ടില്‍ ഇന്ത്യ തിരിച്ചടി നല്‍കിയിരുന്നു. ഈ സമയത്താണ് അഭിനന്ദന്‍ പാകിസ്ഥാന്റെ പിടിയിലാകുന്നത്.

Exit mobile version