ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കേശുഭായ് പട്ടേല്‍ അന്തരിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കേശുഭായ് പട്ടേല്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. അഹമ്മദബാദിലെ ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.സെപ്റ്റംബറില്‍ അദ്ദേഹത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

രണ്ട് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായ അദ്ദേഹം ആറ് തവണ ഗുജറാത്ത് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1928ല്‍ ജുനഗഡില്‍ ജനിച്ച അദ്ദേഹം, 1945ല്‍ ആര്‍എസ്എസിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തുന്നത്. ബിജെപിയുടെ ആദ്യരൂപമായ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ പ്രധാനിയായിരുന്നു.

എന്നാല്‍ 2012ല്‍ നേതൃത്വവുമായി തെറ്റി ബിജെപി വിട്ട അദ്ദേഹം ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും കനത്ത തോല്‍വി ഏറ്റുവാങ്ങി. പിന്നീട് മഹാഗുജറാത്ത് പാര്‍ട്ടിയുമായി ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിയെ ലയിപ്പിച്ചു. തുടര്‍ന്ന് 2014ല്‍ ബിജെപിയിലേക്ക് തിരിച്ചെത്തി.

Exit mobile version