63 വയസ്സുകാരിയുടെ വീടിനുമുമ്പില്‍ മൂത്രമൊഴിക്കുകയും മാലിന്യം വിതറുകയും ചെയ്ത എബിവിപി ദേശീയ അധ്യക്ഷന്‍ മധുര എയിംസ് ബോര്‍ഡില്‍; കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

ന്യൂഡല്‍ഹി: 63 വയസ്സുകാരിയുടെ വീടിനുമുമ്പില്‍ മൂത്രമൊഴിക്കുകയും മാലിന്യം വിതറുകയും ചെയ്ത എബിവിപി ദേശീയ അദ്ധ്യക്ഷന് മധുര എയിംസിന്റെ ബോര്‍ഡില്‍ നിയമനം. ഡോ. ഷണ്‍മുഖം സുബ്ബയ്യയെ ഓള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരാണ് ഉത്തരവിറക്കിയത്.

ഡോ. ഷണ്‍മുഖം സുബ്ബയ്യയുടെ നിയമനത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. 63 കാരിയെ അപമാനിച്ചെന്ന പരാതിയില്‍ എബിവിപി ദേശീയ അദ്ധ്യക്ഷന്‍ ഡോ. ഷണ്‍മുഖം സുബ്ബയ്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.സുബ്ബയ്യ സ്ത്രീയുടെ വീട്ടുപടിക്കല്‍ മൂത്രമൊഴിക്കുകയും മാലിന്യം നിക്ഷേപിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി.

വാതില്‍ക്കല്‍ മൂത്രമൊഴിക്കുന്ന സുബ്ബയ്യയുടെ സി.സി.ടി.വി വീഡിയോ അടക്കം പരാതിക്കൊപ്പം നല്‍കിയിരുന്നു. എന്നാല്‍ ഇത് വ്യാജമായി ചമച്ചതാണെന്നായിരുന്നു എബിവിപി ദേശീയ അദ്ധ്യക്ഷന്റെ വാദം. പിന്നീട് 63 കാരി ഇയാള്‍ക്കെതിരെയുള്ള പരാതി പിന്‍വലിച്ചിരുന്നു.

കടുത്ത സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് ഷണ്‍മുഖം സുബ്ബയ്യയ്‌ക്കെതിരെയുള്ള പരാതി 63കാരി പിന്‍വലിച്ചതെന്ന് പിന്നാലെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവത്തിന് പിന്നാലെയാണ് ഡോ. ഷണ്‍മുഖം സുബ്ബയ്യയെ ഓള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരാണ് ഉത്തരവിറക്കിയത്.

ഇയാളുടെ നിയമനത്തിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. വിസികെ നേതാവും തമിഴ്നാട് വില്ലുപുറത്തുനിന്നുള്ള എംപിയുമായ ഡി രവികുമാര്‍ ഇത് ചോദ്യം ചെയ്ത് രംഗത്തെത്തി. സ്ത്രീകളെ അവഹേളിക്കുന്ന നടപടിയാണിതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഷണ്‍മുഖം സുബ്ബയ്യയെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോറും രംഗത്തെത്തി. മോശം പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണിതെന്ന് ഡിഎംകെ എംപി കനിമൊഴിയും ട്വീറ്റ് ചെയ്തു. പുതുച്ചേരിയില്‍ നിന്നുള്ള ഡോ.വി.എം കടോച്ചിനെയാണ് എയിംസിന്റെ പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്.

Exit mobile version