രാജ്യത്തിന് അഭിമാനം: നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാരായി ദിവ്യയും ശുഭാംഗിയും ശിവാംഗിയും; പരിശീലനം പൂർത്തിയാക്കി

കൊച്ചി: പ്രതിസന്ധികളിൽ തളരാതെ രാജ്യത്തിനായി പോരാടാൻ ഇനി ഈ വനിതാ പൈലറ്റുമാരും. നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാരായ മൂന്നുപേർ വിജയകരമായി പരിശീലനം പൂർത്തിയാക്കി.

ആറു പൈലറ്റുമാരുടെ ബാച്ചാണ് ഇന്ന് പരിശീലനം പൂർത്തിയാക്കിയത്. കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ റിയർ അഡ്മിറൽ ആന്റണി ജോർജ് പൈലറ്റുമാർക്ക് പുരസ്‌കാരം നൽകി.

ബിഹാറിൽ നിന്നുള്ള ശിവാംഗി, ഉത്തർപ്രദേശ് സ്വദേശി ശുഭാംഗി സ്വരൂപ്, ഡൽഹിയിൽ നിന്നുള്ള ദിവ്യ ശർമ്മ എന്നിവരാണ് നേവിയുടെ ഡോർണിയർ വിമാനത്തിലെ പരിശീലനം പൂർത്തിയാക്കിയ വനിതാ പൈലറ്റുമാർ.

ഇക്കഴിഞ്ഞ ഡിസംബറിൽ പൈലറ്റുമാരായി യോഗ്യത നേടിയ ഇവർ മൂന്നുപേരും തനിച്ച് വിമാനം പറപ്പിക്കാനായുള്ള പരിശീലനമാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്. ഡോർണിയർ ഓപ്പറേഷണൽ ഫ്‌ളൈയിങ് ട്രെയിനിങ് (DOFT) കോഴ്‌സാണ് ഇതിനായി മൂവരും വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്.

Exit mobile version