3,000 രൂപ നല്‍കിയാല്‍ മകളുടെ മരണസര്‍ട്ടിഫിക്കറ്റ് തരാമെന്ന് അധികാരികള്‍; കൈക്കൂലി നല്‍കാന്‍ പണം ഇല്ലാത്തതിനാല്‍ തഹസില്‍ദാര്‍ ഓഫീസിനുമുന്നില്‍ ഭിക്ഷാടനം നടത്തി വൃദ്ധയും പേരക്കുട്ടികളും

ഈറോഡ്: മകളുടെ മരണസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി ചോദിച്ച അധികാരികള്‍ക്ക് പണം നല്‍കാന്‍ ഭിക്ഷാടനം നടത്തി മരിച്ച യുവതിയുടെ അമ്മയും മക്കളും. ഈറോഡ് ജില്ലയിലെ അന്തിയൂര്‍ ആലാംപാളയത്തില്‍ താമസിക്കുന്ന ജ്യോതിമണിയും പേരക്കുട്ടികളുമാണ് തഹസില്‍ദാര്‍ ഓഫീസിനുമുന്നില്‍ ഭിക്ഷയാചിച്ചത്.

ഏപ്രില്‍ 16-നാണ് ഇവരുടെ മകള്‍ പ്രിയ അസുഖംമൂലം മരിച്ചത്. തുടര്‍ന്ന്, പ്രിയയുടെ മക്കളായ പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റിനുവേണ്ടി അന്തിയൂരിനടുത്തുള്ള മാതതാര്‍ ഗ്രാമനിര്‍വാഹക അധികാരിക്ക് അപേക്ഷനല്‍കി.

3,000 രൂപ നല്‍കിയാലേ സര്‍ട്ടിഫിക്കറ്റ് തരാന്‍പറ്റൂ എന്ന് അധികാരി പറഞ്ഞതായി ജ്യോതിമണി വ്യക്തമാക്കി. പല പ്രാവശ്യം ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെന്നും പണമില്ലാത്തിനാല്‍ താനും കൊച്ചുമക്കളും ഭിക്ഷയെടുത്ത് കൈക്കൂലി കൊടുക്കാന്‍ തീരുമാനിച്ചെന്നും ജ്യോതിമണി പറഞ്ഞു.

തഹസില്‍ദാര്‍ ഓഫീസിനുമുന്നിലിരുന്ന് മൂവരും ഭിക്ഷയാചിക്കുന്നതിന് കാരണം വ്യക്തമാക്കുന്ന പ്‌ളക്കാര്‍ഡും കൈയില്‍ വെച്ചിരുന്നു. ഇതുകണ്ട ജനങ്ങള്‍ ഇവര്‍ക്കുചുറ്റും കൂടിയതോടെ തഹസില്‍ദാര്‍ വിവരമറിഞ്ഞ് മൂവരെയും ഓഫീസിലേക്ക് വിളിച്ചുവരുത്തി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.

Exit mobile version