കള്ളൻ മനസിൽ കണ്ടത് മാനത്ത് കണ്ട് പോലീസ്; ഒരു കോടിയുടെ സ്വർണ്ണവുമായി മോഷ്ടാവ് ട്രെയിനിൽ നാടുവിട്ടു; വിമാനത്തിൽ പറന്നെത്തി പിടികൂടി പോലീസ് ബുദ്ധി!

flight

ബംഗളൂരു: ഒരു കോടി രൂപയിലേറെ മൂല്യം വരുന്ന മോഷ്ടിച്ച സ്വർണ്ണവുമായി ട്രെയിനിൽ നാടുവിട്ട കള്ളനെ വിമാനത്തിൽ അതിലേറെ വേഗത്തിൽ പറന്നെത്തി പിടികൂടി പോലീസ്. ബംഗളൂരുവിൽനിന്ന് 1.3 കോടി രൂപയുടെ സ്വർണ്ണവുമായി മുങ്ങിയ ബംഗാൾ സ്വദേശിയെയാണ് ഹൗറ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ ഉടൻ തന്നെ ബംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തത്.

ബംഗളൂരു നഗരത്തിലെ ഒരു വീട്ടിൽ ജോലിക്കാരനായ ഇയാൾ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ബംഗാൾ സ്വദേശിയായ ഇയാൾ ഇതേ വീട്ടിലെ ബേസ്‌മെന്റിൽ തന്നെയായിരുന്നു താമസവും. ഒക്ടോബർ ആദ്യവാരം വീട്ടുടമയുടെ കുടുംബാംഗങ്ങളിലൊരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇയാൾ കവർച്ച ആസൂത്രണം ചെയ്തത്.

ആരും ശ്രദ്ധിക്കാനില്ലെന്ന് ഉറപ്പുവരുത്തി വീട്ടിലെ ഇലക്ട്രിക് ലോക്കറിൽ സൂക്ഷിച്ചിരുന്ന 1.3 കോടി രൂപയുടെ സ്വർണ്ണം ഇയാൾ മോഷ്ടിക്കുകയായിരുന്നു. തുടർന്ന് ബംഗളൂരുവിൽനിന്ന് നാട്ടിലേക്ക് കടന്നുകളയുകയും ചെയ്തു. സംഭവത്തിൽ പരാതി ലഭിച്ചതോടെ ബംഗളൂരു പോലീസ് നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പരിശോധിച്ചു. ഇതിൽനിന്നാണ് യശ്വന്ത്പുർ റെയിൽവേ സ്റ്റേഷനിൽനിന്ന് പ്രതി ട്രെയിനിൽ കയറുന്ന ദൃശ്യങ്ങൾ ലഭിച്ചത്. ഇതോടെ പോലീസ് സംഘവും ബംഗാളിലേക്ക് പോവുകയായിരുന്നു.

ട്രെയിനിലോ കാറിലോ പോയാൽ പ്രതി രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നതിനാൽ വിമാനത്തിലാണ് പോലീസ് സംഘം കൊൽക്കത്തയിലേക്ക് തിരിച്ചത്. കൃത്യസമയത്ത് കൊൽക്കത്തയിൽ വിമാനമിറങ്ങിയ പോലീസ് സംഘം നേരേ ഹൗറ റെയിൽവേ സ്റ്റേഷനിലേക്ക് കുതിക്കുകയും സ്വർണ്ണവുമായി ട്രെയിനിൽ എത്തിയ കള്ളനെ കൈയ്യോടെ പിടികൂടുകയുമായിരുന്നു.

Exit mobile version