ബുലന്ദ്ശഹറിലെ സബ് ഇന്‍സ്പെക്ടറുടെ കൊലപാതകം; ജവാന്‍ അറസ്റ്റില്‍

ജീതേന്ദ്ര മാലിക്(ജീത്തു ഫൗജി)എന്ന ജവാനെയാണ് ഇയാളുടെ യൂണിറ്റ് തടവിലാക്കിയത്.

ന്യൂഡല്‍ഹി: ബുലന്ദ്ശഹറില്‍ കലാപത്തിനിടെ സബ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങിനെ വെടിവെച്ചുവെന്ന് സംശയിക്കുന്ന കരസേനാ ജവാനെ സൈന്യം തടവിലാക്കി. ജീതേന്ദ്ര മാലിക്(ജീത്തു ഫൗജി)എന്ന ജവാനെയാണ് ഇയാളുടെ യൂണിറ്റ് തടവിലാക്കിയത്. വെള്ളിയാഴ്ച രാത്രി സോപോറിലെ യൂണിറ്റിലെത്തിയ ഇയാളെ ഉടന്‍ തടവിലാക്കുകയായിരുന്നു. ജീതേന്ദ്രയെ ഇന്ന് ഉത്തര്‍പ്രദേശ് പോലീസിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.

ജീതേന്ദ്രയെ അറസ്റ്റ് ചെയ്യുന്നതിനായി ഉത്തര്‍പ്രദേശ് പോലീസിന്റെ സ്പെഷല്‍ ടാസ്‌ക് ഫോഴ്സ് ശ്രീനഗറിലെത്തിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം ഇയാളെ ബുലന്ദ്ശഹര്‍ ജില്ലാ കോടതിയില്‍ ഹാജരാക്കും. ഉത്തര്‍പ്രദേശ് പോലീസുമായി പൂര്‍ണമായി സഹകരിക്കുമെന്ന് കരസേനാ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

പശുക്കളുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ട ആക്രമണം തടയുന്നതിനിടെയാണ് സുബോധ് കുമാര്‍ വെടിയേറ്റ് മരിച്ചത്. ജീതേന്ദ്രയുടെ വെടിയേറ്റാണ് സുബോധ് മരിച്ചതെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാളെ തിരക്കി പോലീസ് ജമ്മു കശ്മീരിലെത്തിയത്.

സുബോധിനു വെടിയേല്‍ക്കുന്ന സമയം, സമീപത്ത് ജീതേന്ദ്രയെപ്പോലുള്ള ഒരാളുണ്ടായിരുന്നതായി മൊബൈലിലെടുത്ത വീഡിയോ ദൃശ്യങ്ങളില്‍ കാണാം. കലാപ സമയത്ത് ജീതേന്ദ്ര അവിടെയുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഉത്തര്‍പ്രദേശിലെ മഹാവ് ഗ്രാമസ്വദേശിയാണ് ജീതേന്ദ്ര. സുബോധ് കുമാറിനെ ജീതേന്ദ്രയാണ് വെടിവെച്ചതെന്ന് ദൃക്സാക്ഷികളുടെ മൊഴിയുണ്ടെന്ന് മീററ്റ് ഐ ജി രാംകുമാര്‍ പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ കൊലപാതകത്തിലെ ഇയാളുടെ പങ്കിനെ കുറിച്ച് വ്യക്തമാകൂവെന്നും ഐ ജി പറഞ്ഞു.

Exit mobile version