തെലങ്കാനയില്‍ മഴ കൂടുതല്‍ ശക്തിപ്രാപിക്കുന്നു; ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് രണ്ടുമാസം പ്രായമായ കുഞ്ഞ് ഉള്‍പ്പടെ 9 പേര്‍ക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: തെലങ്കാനയില്‍ മഴ കൂടുതല്‍ ശക്തിപ്രാപിക്കുകയാണ്. രണ്ട് ദിവസങ്ങളിലായുള്ള കനത്തമഴയെ തുടര്‍ന്ന് ചുറ്റുമതില്‍ ഇടിഞ്ഞ് ഒമ്പത് പേര്‍ മരണപ്പെട്ടു. മരണപ്പെട്ടവരില്‍ രണ്ട് മാസം പ്രായമായ കുഞ്ഞും ഉള്‍പ്പെടുന്നുണ്ട്. വീടുകള്‍ക്ക് മേല്‍ പതിച്ചാണ് ദാരുണമായ അപകടം സംഭവിച്ചത്.

അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പത്തോളം വീടുകള്‍ക്ക് മുകളിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്. കഴിഞ്ഞ മൂന്നുദിവസമായി തെലങ്കാനയില്‍ കനത്ത മഴ തുടരുകയാണ്. 48 മണിക്കൂറിനിടയില്‍ മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇതുവരെ 12 പേരാണ് തെലങ്കാനയില്‍ മരിച്ചത്. സംസ്ഥാനത്തിന്റെ പലയിടത്തും വെള്ളപ്പൊക്കം രൂപപ്പെട്ടിട്ടുണ്ട്. തെലങ്കാനയിലെ 14 ജില്ലകളെയാണ് മഴ സാരമായി ബാധിച്ചിരിക്കുകയാണ്.

ഹൈദരാബാദില്‍ റോഡുകളിലടക്കം വെള്ളക്കെട്ടായതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. മഴയെ തുടര്‍ന്ന് ഹൈദരാബാദ്-ബെംഗളുരു ദേശീയപാത തകര്‍ന്നു. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ നിരവധി വാഹനങ്ങളും ഒലിച്ചുപോയതായാണ് വിവരം. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നത് ഹിമായത് സാഗര്‍ ഡാം കഴിഞ്ഞ ദിവസം തുറന്നിരുന്നു. മഴ തുടരുന്നതിനാല്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഭരണകൂടം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version