മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍കലാം പറഞ്ഞപ്പോള്‍ പകല്‍ക്കിനാവെന്ന് പരിഹസിച്ചവരുണ്ട്,ഇപ്പോള്‍ കോവിഡ് അത് യാഥാര്‍ത്ഥ്യമാക്കി; ശശി തരൂര്‍

കൊച്ചി: അമേരിക്കയിലെയും യൂറോപ്പിലെയും ഉപഭോക്താക്കളുടെ ജോലികള്‍ ബംഗളൂരുവിലും ഹൈദരാബാദിലും ഇരുന്ന് ചെയ്യാമെങ്കില്‍ അവ നാട്ടിന്‍പുറങ്ങളിലെ വീടുകളിലും ഇരുന്ന് ചെയ്യാനാവുമെന്ന് ശശി തരൂര്‍ എംപി. അനാവശ്യമായ നഗരവത്കരണത്തിന്റെ വളര്‍ച്ചയ്ക്ക് ‘വര്‍ക്ക് ഫ്രം ഹോം’ തടയിടുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.

അസറ്റ് ഹോംസിന്റെ ‘ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ്’ പ്രഭാഷണ പരമ്പരയുടെ ഭാഗമായി ആഗോള പാര്‍പ്പിട ദിനത്തോടനുബന്ധിച്ച് ഫെയ്‌സ്ബുക്ക് പേജിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എല്ലാവര്‍ക്കും വീട് – ഒരു മെച്ചപ്പെട്ട നഗരഭാവി’ എന്നതാണ് ഇത്തവണ പാര്‍പ്പിട ദിന ഇതിവൃത്തം.

നഗരങ്ങളിലെ സൗകര്യങ്ങള്‍ ഗ്രാമങ്ങളില്‍ ലഭ്യമാക്കുകയാണ് വേണ്ടത് എന്ന മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമിന്റെ കാഴ്ചപ്പാട് ഇവിടെ പ്രസക്തമാണ്. അന്ന് അദ്ദേഹം അതു പറഞ്ഞപ്പോള്‍ അതിനെ പകല്‍ക്കിനാവെന്ന് പരിഹസിച്ചവരുണ്ട്.

എന്നാല്‍, കോവിഡ് അതിനെ യാഥാര്‍ത്ഥ്യമാക്കി. മികച്ച ബ്രോഡ്ബാന്‍ഡും ഇടതടവില്ലാത്ത വൈദ്യുതി ലഭ്യതയും നാട്ടിന്‍പുറങ്ങളില്‍ ലഭ്യമാക്കിയാല്‍ അനാവശ്യമായ നഗരവത്കരണവും അതുവഴിയുള്ള ദോഷങ്ങളും ഒഴിവാക്കാനാവുമെന്നും ശശി തരൂര്‍ പറഞ്ഞു.

Exit mobile version