പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് 72 മണിക്കൂര്‍; അടല്‍ തുരങ്കപാതയില്‍ സംഭവിച്ചത് മൂന്ന് അപകടങ്ങള്‍

ഷിംല: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത് 72 മണിക്കൂറിനുള്ളില്‍ ഹിമാചല്‍ പ്രദേശിലെ അടല്‍ തുരങ്കപാതയില്‍ സംഭവിച്ചത് മൂന്ന് അപകടങ്ങള്‍. അപകടദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് ബി.ആര്‍.ഒ.(ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍) ചീഫ് എന്ജിനീയര്‍ ബ്രിഗേഡിയര്‍ കെ.പി. പുരുഷോത്തമനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബര്‍ മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി തുരങ്കപാത ഉദ്ഘാടനം ചെയ്തത്. ഒരുദിവസം തന്നെയാണ് മൂന്ന് അപകടങ്ങളും നടന്നതെന്നും ഇവ സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുണ്ടെന്നും പുരുഷോത്തമന്‍ വ്യക്തമാക്കി. ഗതാഗത നിയമങ്ങള്‍ പൂര്‍ണമായി അവഗണിച്ച്, വിനോദസഞ്ചാരികളും യാത്രികരും വാഹനങ്ങള്‍ ഓടിക്കുന്നതിനിടെ സെല്‍ഫി എടുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുരങ്കപാതയ്ക്കുള്ളില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ ആര്‍ക്കും അനുമതിയില്ലെന്നും പുരുഷോത്തമന്‍ വ്യക്തമാക്കി. പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികളുടെ തുരങ്കത്തിനുള്ളിലെ അപകടകരമായ വാഹനമോടിക്കല്‍ തടയാന്‍, ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ പൂര്‍ത്തിയായതിനു ശേഷം തുരങ്കപാതയ്ക്കുള്ളില്‍ ട്രാഫിക് പോലീസിനെ വിന്യസിക്കണമെന്ന് അഭ്യര്‍ഥിച്ചതായും പുരുഷോത്തമന്‍ കൂട്ടിച്ചേര്‍ത്തു.

അടല്‍ തുരങ്ക പാത നിലവില്‍ വന്നതോടെ മണാലിയില്‍നിന്ന് ലേയിലേക്കുള്ള ദൂരം 46 കിലോമീറ്റര്‍ കുറഞ്ഞിട്ടുണ്ട്. നാലു മുതല്‍ അഞ്ചു മണിക്കൂര്‍ സമയം കൊണ്ട് എത്തിച്ചേരുകയുമാകാം. തുരങ്ക പാത ഉദ്ഘാടനം ചെയ്തതിനു പിന്നാലെ നൂറുകണക്കിന് ആളുകളാണ് ഇവിടേക്ക് എത്തുന്നത്.

Exit mobile version