പ്രിയങ്ക ഗാന്ധിയുടെ കുർത്തയിൽ കയറി പിടിച്ചത് തെറ്റായി പോയി; പരസ്യമായി ഖേദം പ്രകടിപ്പിച്ച് നോയിഡ പോലീസ്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് നോയിഡ പോലീസ്. കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹഥ്‌റാസിലെ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനായി പോകുന്നതിനിടെയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ കുർത്തയിൽ പോലീസ് കയറി പിടിച്ചത്.

സംഭവത്തിൽ പരസ്യമായാണ് പോലീസുകാരൻ ഖേദം പ്രകടിപ്പിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ട ഡിസിപി, മുതിർന്ന ഉദ്യോഗസ്ഥക്കാണ് ചുമതല നൽകിയിട്ടുള്ളത്. സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന തരത്തിലുള്ള പ്രവർത്തിയെ അനുകൂലിക്കുന്നില്ലെന്ന് വാർത്താകുറിപ്പിലൂടെ പോലീസ് അധികൃതർ അറിയിച്ചു.

ശനിയാഴ്ച നോയിഡയിൽ വെച്ചാണ് പ്രിയങ്കയുടെ നേർക്ക് പോലീസിന്റെ കൈയ്യേറ്റം ഉണ്ടായത്. നോയിഡ ടോൾ ഗേറ്റിന് സമീപം തടിച്ചുകൂടിയ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ ലാത്തിചാർജിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇതേതുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങിയ പ്രിയങ്ക പ്രവർത്തകരെ രക്ഷിക്കാനായി പോലീസിന് മുമ്പിൽ നിലയുറപ്പിച്ചു. ഈ സന്ദർഭത്തിൽ ഒരു പോലീസുകാരൻ പ്രിയങ്ക ധരിച്ചിരുന്ന കുർത്തയിൽ പിടിച്ചു വലിക്കുകയും ലാത്തി കൊണ്ട് തള്ളുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ പോലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

Exit mobile version