കോവിഡിന് പിന്നാലെ കോംഗോ പനിയും; കൃത്യസമയത്ത് ചികിത്സ കിട്ടിയില്ലെങ്കില്‍ രോഗികളില്‍ 30 ശതമാനവും മരിക്കാന്‍ സാധ്യത; പടരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

മുംബൈ: ഗുജറാത്തിലെ ചില ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോംഗോ പനി മഹാരാഷ്ട്രയുടെ അതിര്‍ത്തി ജില്ലകളിലേക്കും പടരാന്‍ സാധ്യതയുണ്ടെന്ന് അധികൃതരുടെ മുന്നറിയിപ്പ്. കോംഗോ പനിക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ഭരണകൂടം വിവിധ വകുപ്പുകളിലെ അധികാരികളോട് ആവശ്യപ്പെട്ടു.

ഗുജറാത്തിലെ വല്‍സദ് ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന ജില്ലയാണ് പാല്‍ഘര്‍. കോവിഡിനെ പോലെ കോംഗോ പനിക്കും പ്രത്യേകമായ ചികിത്സയൊന്നും കണ്ടെത്തിയിട്ടില്ല. കോംഗോ പനി എന്നറിയപ്പെടുന്ന ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫീവര്‍ മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും അതു വഴി മനുഷ്യരിലേക്കും പടരുന്ന രോഗമാണ്. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് ഒരു പ്രത്യേക തരം പേനിലൂടെയാണ് ഈ രോഗം പടരുന്നത്.

പേനുകളിലുള്ള നൈറോ വൈറസാണ് ഈ രോഗം പരത്തുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കോംഗോ പനി കൂടി എത്തുന്നതോടെ കാലികളെ വളര്‍ത്തുന്നവരും മാംസവില്പനക്കാരും മൃഗസംരക്ഷണ വകുപ്പ് അധികൃതരും ആശങ്കയിലാണ്. ഗുജറാത്തിലെ ചില ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോംഗോ പനി മഹാരാഷ്ട്രയുടെ അതിര്‍ത്തി ജില്ലകളിലേക്കും പടരാന്‍ സാധ്യതയുണ്ടെന്ന് പാല്‍ഘര്‍ മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

കൃത്യസമയത്ത് കണ്ടെത്താനും ചികിത്സിക്കാനും കഴിഞ്ഞില്ലെങ്കില്‍ രോഗികളില്‍ 30 ശതമാനവും മരിക്കാനാണ് സാധ്യത. കോംഗോ പനി വൈറല്‍ ഹെമറേജിക് ഫീവറിന് കാരണമാകാമെന്നും 10 മുതല്‍ 40 ശതമാനം വരെയാണ് ഇതിന്റെ മരണ നിരക്കെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു.

ഈ രോഗത്തില്‍ നിന്ന് മൃഗങ്ങള്‍ക്കോ മനുഷ്യര്‍ക്കോ സംരക്ഷണം നല്കുന്ന പ്രതിരോധ മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല. അടുത്ത് ഇടപഴകുന്നമനുഷ്യര്‍ക്കിടയില്‍ രക്തത്തിലൂടെയോ ശരീര സ്രവങ്ങളിലൂടെയോ അവയവങ്ങളിലൂടെയോ കോംഗോ പനി പടരാം.

വൈദ്യോപകരണങ്ങളുടെ കൃത്യമല്ലാത്ത സ്റ്റെറിലൈസേഷന്‍ മൂലവും സൂചികള്‍ വീണ്ടും ഉപയോഗിക്കുന്നത് വഴിയും ആശുപത്രിയില്‍ വച്ചും ഈ രോഗം പടരാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

Exit mobile version