ജഡ്ജിമാര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ അത് സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കും; ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയെ പരോക്ഷമായി വിമര്‍ശിച്ച് എകെ ആന്റണി

സുപ്രീംകോടതി വിധി കേരള സമൂഹത്തെ രണ്ടായി വിഭജിച്ചു

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുക്കൊണ്ടുള്ള സുപ്രീംകോടതി വിധിയെ പരോക്ഷമായി വിമര്‍ശിച്ച് എകെ ആന്റണി. സുപ്രീംകോടതി വിധി കേരള സമൂഹത്തെ രണ്ടായി വിഭജിച്ചു. മൗലികാവകാശങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ തീരുമാനം എടുക്കുമ്പോള്‍ ജഡ്ജിമാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

സുപ്രധാന വിധി പ്രഖ്യാപിക്കുമ്പോള്‍ ജഡ്ജിമാര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ അത് സമൂഹത്തില്‍ ആവശ്യമില്ലാത്ത സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസ് കുര്യന്‍ ജോസഫിന് ഡല്‍ഹി മലയാളികള്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങിലായിരുന്നു ആന്റണിയുടെ പരാമര്‍ശം.

എന്നാല്‍ കോടതി വിധിയിലൂടെ സമൂഹത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് കോടതി പരിഹാരം ഉണ്ടാക്കുന്നില്ലെങ്കില്‍ സര്‍ക്കാരിന് നിയമ നിര്‍മ്മാണം നടത്താമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് മറുപടിയായി പറഞ്ഞു. വിധിയില്‍ വിട്ടുപോയ കാര്യം കോടതിയെ തന്നെയാണ് അറിയിക്കേണ്ടത്. എന്നിട്ടും പരിഹാരം ഇല്ലെങ്കില്‍ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.

Exit mobile version