സൗദിയിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്നും നാട്ടിലെത്തിയത് 231 ഇന്ത്യക്കാര്‍, 351 പേരടങ്ങുന്ന മൂന്നാമത്തെ സംഘം 26ന് പുറപ്പെടും

റിയാദ്: ശിക്ഷാകാലാവധി കഴിഞ്ഞും നിയമകുരുക്കുകളില്‍ നിന്ന് മോചനം ലഭിച്ചും സൗദി വിടാനാകാതെ കുടുങ്ങിയത് നിരവധി പേരായിരുന്നു. ഇതില്‍ വിവിധ നാടുകടത്തില്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 231 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു.

വിവിധ കാരണങ്ങളാല്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ എംബസിയും സ്ഥാനപതി ഡോ. ഔസാഫ് സഈദും നടത്തിയ നിരന്തര പരിശ്രങ്ങളുടെ ഫലമായാണ് കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഇത്തരക്കാര്‍ക്ക് മോചനമായത്.

ഇതിന്റെ ഭാഗമായി 500 ല്‍ അധികം വരുന്ന സംഘത്തെ കഴിഞ്ഞ മെയില്‍ ഹൈദരാബാദ് വഴി ഇന്ത്യയിലെത്തിച്ചിരുന്നു. കോവിഡ്-19 വ്യാപിച്ചതിന് ശേഷം ഇത് രണ്ടാമത്തെ സംഘമാണ് പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തുന്നത്. റിയാദില്‍ നിന്ന് ചെന്നൈയിലേക്കുള്ള സൗദി എയര്‍ലൈന്‍ വിമാനത്തിലാണ് രണ്ടാമത്തെ സംഘം നാട്ടിലെത്തിയത്.

ഈ മാസം 26 ന് 351 പേരടങ്ങുന്ന മൂന്നാമത്തെ സംഘം സൗദിയിലെ ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ എത്തിക്കുന്നതിനുള്ള വിമാനങ്ങളുടെ ഷെഡ്യൂള്‍ ഉടന്‍ അറിയിക്കുമെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു.

Exit mobile version