കര്‍ഷകരുടെ തലവര തന്നെ മാറും, വരാന്‍ പോകുന്നത് കര്‍ഷകരുടെ വീട്ടുപടിക്കല്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ വ്യവസായികള്‍ കാത്തുനില്‍ക്കുന്ന കാലമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി; കാര്‍ഷിക ബില്ലുകള്‍ നിയമമായതോടെ കര്‍ഷകരുടെ തലവര തന്നെ മാറുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. കര്‍ഷകരുടെ വീട്ടുപടിക്കല്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ വ്യവസായികള്‍ കാത്തുനില്‍ക്കുന്ന കാലമാണ് വരാന്‍ പോകുന്നതെന്നും നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.

വാര്‍ത്താ ഏജന്‍സിക്കു അനുവദിച്ച അഭിമുഖത്തിലാണ് കേന്ദ്ര കൃഷിമന്ത്രി ഇക്കാര്യം പറഞ്ഞത്. കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ കര്‍ഷകരുടെ മരണവാറണ്ടാണെന്ന പ്രതിപക്ഷ ആക്ഷേപം തള്ളിയ നരേന്ദ്ര സിങ് തോമര്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ കര്‍ഷക സ്‌നേഹം കാപട്യമാണെന്നും പറഞ്ഞു.

മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കേ കാര്ഷിക പരിഷ്‌കരണത്തിനു തയാറെടുത്തിരുന്നു. പക്ഷേ അദ്ദേഹത്തിന് അതിനുള്ള ധൈര്യം ഇല്ലാതെ പോയി- നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. അന്നത്തെ കൃഷിമന്ത്രി ശരദ് പവാറും സമാന ചിന്താഗതിയുള്ള ആളായിരുന്നു. പക്ഷേ യുപിഎയില്‍ നിന്നുള്ള എതിര്‍പ്പ് നിമിത്തം കര്‍ഷകര്‍ക്ക് ഗുണം നല്‍കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് കഴിയാതെ പോയി- തോമര്‍ പറഞ്ഞു.

കര്‍ഷകരുടെ തലവര തന്നെ മാറുമെന്നും വ്യവസായികളും കര്‍ഷകരും തമ്മിലുള്ള അന്തരം കുറയുമെന്നും നരേന്ദ്ര സിങ് തോമര്‍ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. പുതിയ സാഹചര്യം ഇടത്തട്ടുകാരുടെ പ്രാധാന്യം കുറയ്ക്കുകയാണ് ചെയ്യുകയെന്നും കര്‍ഷകന് തന്റെ വിള വില പേശി രാജ്യത്ത് എവിടെയും വില്‍ക്കാന്‍ സാധിക്കും എന്നതാണ് മേന്‍മയെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ അവകാശപ്പെടുന്നു.

അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി (എപിഎംസി)യുടെ സംസ്ഥാന വിപണിക്ക് പുറത്ത് കാര്‍ഷിക വില്പ്പനയും വിപണനവും സാധ്യമാക്കുകയാണ് പ്രധാന ലക്ഷ്യം. അന്തര്‍ സംസ്ഥാന വ്യാപാരത്തിനുള്ള തടസ്സങ്ങള്‍ നീങ്ങുന്നതോടെ വന്‍ സാധ്യതയാണ് കര്‍ഷകര്‍ക്കു മുന്നില്‍ തുറക്കുന്നതെന്നും കേന്ദ്രം അവകാശപ്പെടുന്നു.

Exit mobile version