പഴയ ട്വീറ്റുകളിൽ നിറയെ അബദ്ധം; കുത്തിപ്പൊക്കിയവരോട് പ്രതികരിക്കാനില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; പിന്തുണച്ച് പ്രതിപക്ഷം

ന്യൂഡൽഹി: തന്റെ മുമ്പത്തെ ട്വീറ്റുകളിലെ അബദ്ധങ്ങൾ കുത്തിപ്പൊക്കി ട്രോളിയവരോട് പ്രതികരിക്കാതെ പുതിയ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. തനിക്ക് അതിനെപ്പറ്റി ഒന്നും പറയാനില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. പുതിയ കേന്ദ്രമന്ത്രിസഭയുടെ ആദ്യ യോഗത്തിന് ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാണ്ഡവ്യയുടെ ഭാഷ ഉപയോഗിക്കുന്നതിലെ അബദ്ധങ്ങളിൽ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ട്രോൾ മഴ നിറഞ്ഞിരുന്നു. 2013 മുതലുള്ള ട്വീറ്റുകളാണ് പലരും കുത്തിപ്പൊക്കിയത്. ‘മഹാത്മാഗാന്ധി വാസ് അവർ നേഷൻ ഓഫ് ഫാദർ’, ‘ഹാപ്പി ഇൻഡിപീഡിയന്റ് ഡേ’ തുടങ്ങിയ ട്വീറ്റുകളാണ് വലിയ ചർച്ചയായത്.

2014ലെ ട്വീറ്റിൽ മഹാത്മാഗാന്ധിയുടെ കൊച്ചുമകനാണ് രാഹുൽ ഗാന്ധിയെന്ന് മാണ്ഡവ്യ സൂചിപ്പിച്ചതും ചിലർ കുത്തിപ്പൊക്കിയിരുന്നു.

അതേസമയം, സംഭവത്തിൽ കേന്ദ്രമന്ത്രിയെപിന്തുളച്ചും ട്രോളുകളെ അപലപിച്ചും പ്രതിപക്ഷം രംഗത്തെത്തി. ശിവസേന, കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയാണ് ട്രോളന്മാരെ വിമർശിച്ചത്. ‘മന്ത്രിക്കെതിരായ ഏക വിമർശനം അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യത്തെക്കുറിച്ചായിരിക്കും ജോലിയെക്കുറിച്ചായിരിക്കില്ല’ എന്നായിരുന്നു ശിവസേന നേതാവ് പ്രിയങ്ക ചതുർവേദിയുടെ പ്രതികരണം. ട്രോളുകൾ ദൗർഭാഗ്യകരമാണെന്ന് കോൺഗ്രസ് നേതാവ് തെഹ്‌സീൻ പൂനാവാലയും പ്രതികരിച്ചു.

Exit mobile version