സമരം ചെയ്യുന്നത് കര്‍ഷകരല്ല, തെമ്മാടികളെന്ന് കേന്ദ്രമന്ത്രി; അവര്‍ അന്നദാതാക്കളെന്ന് രാകേഷ് ടിക്കായത്തിന്റെ മറുപടി

Jantar Mantar | Bignewslive

ന്യൂഡല്‍ഹി: കര്‍ഷക സമരം നടത്തുന്നത് തെമ്മാടികളാണെന്ന് തുറന്നടിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകനുനേരെ ആക്രമണമുണ്ടായ സംഭവത്തിലാണ് കര്‍ഷകര്‍ക്കു നേരെയും മോശം പരാമര്‍ശം നടത്തിയത്.

കുറ്റകൃത്യങ്ങളാണ് അവര്‍ ചെയ്യുന്നതെന്നും പ്രതിപക്ഷമാണ് അവയ്ക്ക് പ്രചാരണം നല്‍കുന്നതെന്നും കേന്ദ്ര സാംസ്‌കാരിക – വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി കുറ്റപ്പെടുത്തി. അവര്‍ കര്‍ഷകരല്ല, തെമ്മാടികളാണ്. കുറ്റകൃത്യങ്ങളാണ് അവര്‍ ചെയ്യുന്നത്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം പ്രചാരണം നല്‍കുന്നു – മീനാക്ഷി ലേഖി ആരോപിച്ചു.

സംഭവത്തില്‍ രൂക്ഷ വിമര്‍ശവുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്തെത്തി. കര്‍ഷകര്‍ അന്നദാതാക്കളാണെന്നും തെമ്മാടികളെന്ന് വിളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയാണ് കര്‍ഷക സംഘടനകള്‍ മാസങ്ങളായി ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പ്രക്ഷോഭം നടത്തുന്നത്. വ്യാഴാഴ്ച അവര്‍ ജന്തര്‍ മന്തറില്‍ ‘കര്‍ഷക പാര്‍ലമെന്റി’ന് തുടക്കം കുറിച്ചിരുന്നു.

Exit mobile version