അനുരാഗ് ഠാക്കൂറിന്റേത് ഏറ്റവും മോശമായ രാഷ്ട്രീയ പ്രസംഗം,പൊട്ടിത്തെറിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂരിനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി രംഗത്ത്. മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനും ഗാന്ധി കുടുംബത്തിനും എതിരായി അനുരാഗ് ഠാക്കൂര്‍ നടത്തിയ പരാമര്‍ശം ഏറ്റവും മോശമായ രാഷ്ട്രീയ പ്രസംഗമാണെന്ന് ശശി തരൂര്‍ പറഞ്ഞു.

പിഎം കെയേഴ്‌സ് ഫണ്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളോട് പ്രതികരിക്കവേ അനുരാഗ് ഠാക്കൂര്‍ നടത്തിയ പരാമര്‍ശം സഭയ്ക്കുളളില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ‘ഇന്ന് വളരെ നിര്‍ഭാഗ്യകരമായ ദിവസമാണ്. ധനകാര്യമന്ത്രി ഒരു ബില്‍ അവതരിപ്പിച്ചു. അതില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

ഈ ബില് അവതരിപ്പിക്കുന്നതിനെതിരെ ഞാന്‍ എതിര്‍പ്പ് ഉന്നയിച്ചു. പിഎം കെയേഴ്‌സ് പോലുളള മറ്റുപ്രശ്‌നങ്ങളും അവിടെ ഉന്നയിക്കപ്പെട്ടിരുന്നു. മന്ത്രി മറുപടി നല്കാന്‍ തുടങ്ങി, പിന്നീട് പിഎം കെയേഴ്‌സുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുളള മറുപടി പൂര്‍ത്തീകരിക്കുന്നതിനായി അനുരാഗ് ഠാക്കൂറിനോട് മന്ത്രി ആവശ്യപ്പെട്ടു.

ഉയര്‍ത്തിയ എതിര്‍പ്പുകള്‍ക്ക് മറുപടി നല്കുന്നതിന് പകരം ഠാക്കൂര്‍ ഏറ്റവും മോശമായ ഒരു രാഷ്ട്രീയ പ്രസംഗം നടത്തുകയാണ് ചെയ്തത്. ഉന്നയിക്കപ്പെട്ട എതിര്‍പ്പുകളില്‍ ഒന്നിനുപോലും മറുപടി നല്കാതെ ജവഹര്‍ ലാല്‍ നെഹ്‌റു മുതലുളള ഗാന്ധികുടുംബാംഗങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ചെയ്തത്. ഇക്കാര്യങ്ങള് ആരും പരാമര്‍ശിച്ചിട്ടില്ല’, തരൂര്‍ പറഞ്ഞു.

കോവിഡ് 19 മഹാമാരിയിലും ചൈനീസ് കടന്നുകയറ്റത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഈ സമയത്ത് സഭയില്‍ ഇല്ലാതിരുന്ന ഒരു കുടുംബത്തെ രാഷ്ട്രീയമായി അധിക്ഷേപിക്കുന്നതിനായി ബിജെപി സമയം പാഴാക്കുകയാണെന്നും അദ്ദേഹം കുററപ്പെടുത്തി.

സോണിയാ ഗാന്ധിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സോണിയാഗാന്ധിയും രാഹുല് ഗാന്ധിയും വിദേശത്താണ്. പ്രതിപക്ഷം ഉന്നയിക്കുന്ന യഥാര്ഥ പ്രശ്‌നങ്ങളില് നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കാനുളള കേന്ദ്രത്തിന്റെ ശ്രമമാണ് ഇതെന്ന് തരൂര്‍ ആരോപിച്ചു.

Exit mobile version