‘മോഡി സര്‍ക്കാര്‍ കൊറോണ പോരാളികളെ എന്തിന് ഇങ്ങനെ അപമാനിക്കുന്നു’; വിമര്‍ശിച്ച് രാഹുല്‍

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ കണക്ക് കൈവശമില്ലെന്ന കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആരോഗ്യ പ്രവര്‍ത്തകരെ അധിക്ഷേപിക്കുന്നതാണ് കേന്ദ്രത്തിന്റെ മറുപടിയെന്ന് രാഹുല്‍ വിമര്‍ശിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

”പ്രതികൂല ഡാറ്റ രഹിത സര്‍ക്കാര്‍. പാത്രം കൊട്ടുകയും വിളക്ക് തെളിക്കുകയും ചെയ്യുന്നതിനെക്കാള്‍ പ്രധാനമാണ് ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയും ബഹുമാനവും. എന്തുകൊണ്ടാണ് മോഡി സര്‍ക്കാര്‍ കൊറോണ പോരാളികളെ ഇങ്ങനെ അപമാനിക്കുന്നത് ?”, രാഹുല്‍ ട്വീറ്റ് ചെയ്തു. കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ കണക്ക് കൈവശമില്ലെന്ന് കേന്ദ്രം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പങ്കുവെച്ചായിരുന്നു രാഹുലിന്റെ വിമര്‍ശനം.

കൊവിഡ് ബാധിക്കുകയോ അതേ തുടര്‍ന്ന് മരിക്കുകയോ ചെയ്ത ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി ചൗബേയാണ് രാജ്യസഭയെ അറിയിച്ചത്. കേന്ദ്രത്തിന്റെ വെളിപ്പെടുത്തലിന് എതിരെ വലിയ വിമര്‍ശനമാണ് രാജ്യവ്യാപകമായി ഉയരുന്നത്.

Exit mobile version