ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിന്റെ എണ്ണം 50 മില്യണിലേക്ക്; ട്രംപിനെയും ഒബാമയേയും മറികടന്ന് മോഡി

ന്യൂഡല്‍ഹി: ജനപ്രിയ സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പ്രധാനമന്ത്രിയുടെ ഫോളോവേഴ്സിന്റെ എണ്ണം 50 മില്യണിലേക്ക് അടുക്കുന്നു. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്ന നേതാവായി മാറിയിരിക്കുകയാണ് നരേന്ദ്ര മോഡി.

നിലവില്‍ 49.1 മില്യണ്‍ ഫോളോവേഴ്സാണ് ഇന്‍സ്റ്റഗ്രാമില്‍ മോഡിക്കുള്ളത്. ആഗോള നേതാക്കളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെയും ബഹുദൂരം പിന്തള്ളിയാണ് നരേന്ദ്ര മോഡി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ട്രംപിന് 22 മില്യണ്‍ ഫോളോവേഴ്സാണുള്ളത്. ഒബാമക്ക് 32 മില്യണ്‍ ഫോളോവേഴ്സുമാണുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രമല്ല, ട്വിറ്ററിലും പ്രധാനമന്ത്രിക്ക് നിരവധി ഫോളോവേഴ്‌സുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ലോക നേതാക്കളില്‍ മോഡിയുമുണ്ട്.

ട്വിറ്ററില്‍ 63 മില്യണ്‍ ഫോളോവേഴ്സാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുള്ളത്. ഇന്ന് 70ാം ജന്മദിനം ആഘോഷിക്കുകയാണ് നരേന്ദ്ര മോഡി. പിറന്നാള്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് സംസ്ഥാനങ്ങളില്‍ ബിജെപി സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ഉത്തര്‍പ്രദേശില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പരിപാടിക്ക് ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ തുടക്കമിട്ടിരുന്നു. എഴുപതാം പിറന്നാള്‍ ദിനത്തില്‍ രാജ്യത്തെ പാവപ്പെട്ടവരെ സഹായിക്കാനുള്ള വിവിധ പരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുന്നത്. സേവ സപ്താഹ് എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്.

ആഘോഷ പരിപാടികളുടെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍, ചികിത്സ സഹായം തുടങ്ങിയവ വിതരണം ചെയ്യും. ജന്മദിനത്തോടനുബന്ധിച്ച് ബിജെപി സംസ്ഥാന ഓഫീസുകളില്‍ ആഘോഷപരിപാടിയും നടക്കും.

Exit mobile version