തന്റെ പേര് ഉൾപ്പെടുത്തിയത് രാഷ്ട്രീയ പകപോക്കൽ: യെച്ചൂരി

ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ കുറ്റപത്രത്തിൽ തന്റെ പേര് ഉൾപ്പെടുത്തിയത് രാഷ്ട്രീയ പകപോക്കലെന്ന് വിശദീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കലാപക്കേസായി മാറിയതെങ്ങനെയെന്നും യെച്ചൂരി ചോദ്യം ചെ്തു. ഇക്കാര്യത്തിൽ ഡൽഹി പോലീസിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു.

കരുതിക്കൂട്ടി തയ്യാറാക്കിയ കുറ്റപത്രമാണിത്. കേസിൽ വളഞ്ഞ വഴിയിലൂടെ താനുൾപ്പെടെയുള്ളവരെ കുടുക്കാനാണ് ശ്രമം. പൗരത്വ നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം നടന്നു. പ്രതിഷേധങ്ങളെ കലാപങ്ങളുമായി ചേർക്കുന്നതെങ്ങനെയെന്ന് ഡൽഹി പോലീസ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഡൽഹി കലാപക്കേസിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയെന്ന വാർത്തകൾ നിഷേധിച്ച് ഡൽഹി പോലീസ് രംഗത്തെത്തിയിരുന്നു. എന്നാൽ, കേസിൽ അറസ്റ്റിലായ വിദ്യാർത്ഥികളുടെ മൊഴിയനുസരിച്ച് യെച്ചൂരി ഉൾപ്പടെയുളള നേതാക്കൾ കലാപത്തിന്റെ ഗൂഢാലോചനയിൽ പങ്കാളികളായെന്നത് ഉൾപ്പെടുത്തി ഡൽഹി പോലീസ് അനുബന്ധ കുറ്റപത്രം തയ്യാറാക്കിയെന്നാണ് റിപ്പോർട്ട്.

Exit mobile version