ബുലന്ദ്ഷഹര്‍ കലാപത്തിലെ നീണ്ട മൗനത്തിനു ശേഷം കൊല്ലപ്പെട്ട പോലീസുകാരന്റെ കുടുംബവുമായി യോഗിയുടെ കൂടിക്കാഴ്ച; നഷ്ടപരിഹാരമായി 50 ലക്ഷവും സര്‍ക്കാര്‍ ജോലിയും വാഗ്ദാനം

ലഖ്‌നോവില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടന്നത്.

ലഖ്‌നോ: ഗോവധത്തെ ചൊല്ലി ഉടലെടുത്ത ബുലന്ദ്ഷഹര്‍ കലാപത്തില്‍ കൊല്ലപ്പെട്ട പോലീസുകാരന്റെ കുടുംബവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി കൂടിക്കാഴ്ച നടത്തി. പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് സിങ്ങിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും യുപി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. ലഖ്‌നോവില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. സുബോധ് സിങ്ങിന്റെ രണ്ടു മക്കളും വിധവയും സഹോദരിയുമാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാനെത്തിയത്.

സുബോധ് സിങ്ങിന്റെ വിധവക്ക് നഷ്ടപരിഹാരമായി 40 ലക്ഷം രൂപ നല്‍കുമെന്നും രക്ഷിതാക്കള്‍ക്ക് 10 ലക്ഷം നല്‍കുമെന്നും യോഗി പ്രഖ്യാപിച്ചു. സുബോധിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കലാപത്തില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടതില്‍ മൗനം പാലിക്കുകയും ഗോവധം നടത്തുന്നവര്‍ക്കെതിരെ നടപടിക്ക് ഉത്തരവിടുകയും ചെയ്ത യോഗി ആദിത്യനാഥിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തെ കാണാന്‍ മുഖ്യമന്ത്രി തയ്യാറായത്.

ഡിസംബര്‍ മൂന്നിനാണ് പശുക്കളുടെ ജഡം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ബുലന്ദ്ഷഹറില്‍ കലാപമുണ്ടാകയും ഇന്‍സ്‌പെക്ടര്‍ സുബോധ് സിങ് വെടിയേറ്റ് മരിക്കുകയും ചെയ്തത്. ദാദ്രിയിലെ അഖ്‌ലാഖ് വധം അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു സുബോധ്. കലാപവും കൊലപാതകവും സംഘപരിവാര്‍ ആസൂത്രണം ചെയ്താണെന്ന തെളിവുകളും പറുത്തുവന്നിട്ടുണ്ട്.

Exit mobile version