അര്‍ണബ് ഗോസ്വാമിയും ശിവസേനയും പോരിലേക്ക്; റിപ്പബ്ലിക് മീഡിയ നെറ്റ്വര്‍ക്ക് ബഹിഷ്‌കരിക്കണമെന്ന് കേബിള്‍ ഓപ്പറേറ്റര്‍മാരോട് ശിവകേബിള്‍സേന

മുംബൈ: അര്‍ണബ് ഗോസ്വാമിയും ശിവസേനയും തമ്മില്‍ പോരിലേക്ക്. വാര്‍ത്തകളിലൂടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അപമാനിക്കുന്ന അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് മീഡിയ നെറ്റ്വര്‍ക്ക് ബഹിഷ്‌കരിക്കണമെന്ന് ശിവകേബിള്‍സേന കേബിള്‍ ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെട്ടു.

കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാരുടെ ബഹിഷ്‌കരണനീക്കത്തിനെതിരേ റിപ്പബ്ലിക്കന്‍ ടി.വി. നെറ്റ് വര്‍ക്ക് ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി പരിഗണിച്ചില്ല. ഹൈക്കോടതി പരിഗണിക്കേണ്ട ഹര്‍ജിയല്ല ഇതെന്ന് ജസ്റ്റിസുമാരായ മിലിന്ദ് ജാദവ്, നിതിന്‍ ജാംദാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ടെലികോം ഡിസ്പ്യൂട്ട് അപ്പലേറ്റ് ട്രിബ്യൂണലിനെയാണ് സമീപിക്കേണ്ടതെന്ന് അറിയാമെങ്കിലും ഈ സ്ഥാപനം സെപ്റ്റംബര്‍ 18 വരെ അവധിയായതിനാല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നുവെന്ന് ചാനലിന്റെ അഭിഭാഷകന്‍ അറിയിച്ചു.മുംബൈ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രബലസംഘടനയാണ് ശിവകേബിള്‍സേന.

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെത്തുടര്‍ന്ന് മുംബൈ പോലീസിനെതിരേയും ഉദ്ധവ് താക്കറെയ്‌ക്കെതിരേയും അര്‍ണബ് ഗോസ്വാമി രംഗത്തുവന്നിരുന്നു. കങ്കണ-അര്‍ണബ് കൂട്ടുകെട്ടിനെ വിമര്‍ശിച്ച് ശിവസേനാനേതാക്കളും രംഗത്തുവരികയുണ്ടായി.

Exit mobile version