പ്രശാന്ത് ഭൂഷണ് എതിരെയുള്ള 2009ലെ കോടതിയലക്ഷ്യക്കേസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെയുള്ള 2009ലെ കോടതിയലക്ഷ്യക്കേസ് സുപ്രീംകോടതിയിലെ പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസ് ഭരണഘടനാ ബെഞ്ചിന് വിടണമോയെന്ന് പുതിയ ബെഞ്ച് തീരുമാനിക്കും.

മുന്‍ ചീഫ് ജസ്റ്റിസുമാരില്‍ ചിലര്‍ അഴിമതിക്കാരാണെന്ന് പറഞ്ഞ സംഭവത്തിലാണ് പ്രശാന്ത് ഭൂഷണ് എതിരെ കോടതി അലക്ഷ്യക്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2009ല്‍ തെഹല്‍ക മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രസ്താവന.

നേരത്തെ മറ്റൊരു കോടതി അലക്ഷ്യക്കേസില്‍ പ്രശാന്ത് ഭൂഷണ് കോടതി പിഴ വിധിച്ചിരുന്നു. ഒരു രൂപയാണ് പിഴ വിധിച്ചത്. സെപ്തംബര്‍ 15നകം പിഴത്തുക അടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് പ്രാക്ടീസില്‍ നിന്ന് വിലക്കുകയും ചെയ്യുമെന്നായിരുന്നു വിധി. ഇത് അനുസരിച്ച് ഒരു രൂപ പിഴ അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ അറിയിച്ചിരുന്നു. എന്നാല്‍ നിയമപോരാട്ടം തുടരുമെന്നും പ്രശാന്ത് ഭൂഷണ്‍ അറിയിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഒരു ആഡംബര ബൈക്കില്‍ ഇരിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത്, ‘കോടതിക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ച് കൊവിഡ് കാലത്ത് ഒരു ബിജെപി നേതാവിന്റെ 50 ലക്ഷം രൂപ വിലയുള്ള ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ മാസ്‌കും ഹെല്‍മറ്റും ഇല്ലാതെ ചീഫ് ജസ്റ്റിസ് ഇരിക്കുന്നു’ എന്ന പരാമര്‍ശം നടത്തിയതിനാണ് പ്രശാന്ത് ഭൂഷണിനെതതിരെ സുപ്രീംകോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തത്.

Exit mobile version