ദുരന്തത്തിന്റെ ഉത്തരവാദി കേന്ദ്രസര്‍ക്കാര്‍: കര്‍ഷക ആത്മഹത്യയില്‍ കേന്ദ്രത്തിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍

prasanth bhooshan | bignewslive

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിനിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സംഭവം ദാരുണമാണെന്നും കേന്ദ്രസര്‍ക്കാറാണ് ദുരന്തത്തിന്റെ ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രശാന്ത് ഭൂഷണ്‍ വിമര്‍ശനം ഉന്നയിച്ചത്.കിസാന്‍ ഏക്ത മോര്‍ച്ചയുടെ ട്വിറ്റര്‍ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു വിമര്‍ശനം.

‘വളരെ ദാരുണം. ഈ ക്രൂരമായ സര്‍ക്കാര്‍ കര്‍ഷകരെയും കാര്‍ഷിക മേഖലയെയും സുഹൃത്തുക്കളായ അംബാനിക്കും അദാനിക്കും കൈമാറാന്‍ ആഗ്രഹിക്കുന്നു. കൂടാതെ കര്‍ഷകരെ ഖാലിസ്ഥാനികളെന്നും വിളിക്കുന്നു. ഈ ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്രത്തിനാണ്’ -പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു.

ശനിയാഴ്ചയാണ് ഉത്തര്‍പ്രദേശിലെ ബിലാസ്പൂരില്‍ നിന്നുള്ള 75കാരനായ കര്‍ഷകന്‍ കര്‍ഷക പ്രക്ഷോഭത്തിനിടെ ആത്മഹത്യ ചെയ്യുന്നത്. കശ്മീര്‍ സിങ് ലാദിയെന്ന കര്‍ഷകനാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ കുറിപ്പ് എഴുതി വച്ചാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. മരണത്തിന് ഉത്തരവാദി കേന്ദ്രസര്‍ക്കാരാണ്. കഴിഞ്ഞ നാളുകളില്‍ കടുത്ത തണുപ്പിലും ഞങ്ങള്‍ സമരം ചെയ്യുകയാണ്. പക്ഷേ ഞങ്ങെള കേള്‍ക്കാന്‍ കേന്ദ്രം തയാറാകുന്നില്ല. എന്റെ മരണം ഇതിനൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷ- ലാദിയുടെ കുറിപ്പില്‍ പറയുന്നു. കേന്ദ്രസര്‍ക്കാറുമായി നടത്തുന്ന ചര്‍ച്ചകള്‍ പരാജയപ്പെടുന്നത് ഇദ്ദേഹത്തില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു.

Exit mobile version