2021ന്റെ പകുതിവരെ കോവിഡ് വാക്‌സിന്‍ പ്രതീക്ഷിക്കേണ്ട; വ്യക്തമാക്കി ഡോ. സൗമ്യ സ്വാമിനാഥന്‍

ജനീവ: ലോകം കോവിഡ് വാക്‌സിനായുള്ള കാത്തിരിപ്പിലാണ്. എന്നാല്‍ കൊവിഡിനെതിരെയുള്ള വാക്‌സിന്റെ ആഗോളതലത്തിലുള്ള വിതരണം 2021ന്റെ പകുതിവരെ പ്രതീക്ഷിക്കേണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍.

പല കോവിഡ് വാക്സിനുകളുടെയും മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടപ്പ് വര്‍ഷാവസാനം കൊണ്ട് അവസാനിക്കുമെന്ന് കരുതുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിന്റെ ആഗോളതലത്തിലുള്ള വിതരണം 2021ന്റെ പകുതിവരെ പ്രതീക്ഷിക്കേണ്ടെന്ന് പറഞ്ഞതെന്നും ഡോ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

വാക്സിന്‍ മൂന്നാംഘട്ട ട്രെയലുകളിലുള്ള ചില രാജ്യങ്ങളുടെ ഫലങ്ങള്‍ വര്‍ഷാവസാനമോ അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലോ ലഭിക്കുമെന്നാണ് കരുതുന്നത്. അതിന് ശേഷം ആവശ്യമുള്ള നൂറ് ദശലക്ഷക്കണക്കിന് വാക്സിനുകള്‍ ഉത്പാദിപ്പിക്കേണ്ടതുണ്ട്. വാസ്തവത്തില്‍ ലോകത്തിന് ദശലക്ഷക്കണക്കിന് വ്കാസിനുകള്‍ ആവശ്യമുണ്ട്.

അങ്ങനെയുള്ള ഉത്പാദനത്തിന് കുറച്ച് സമയമെടുക്കും. അതിനാല്‍ നമ്മള്‍ ഒരേ സമയം ശുഭാപ്തിവിശ്വാസവും യാഥാര്‍ത്ഥ്യബോധവും പുലര്‍ത്തണമെന്ന് സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി. അതേസമയം, റഷ്യയുടെ വാക്സിന്‍ പരീക്ഷണത്തിലെ പ്രാരംഭ ഘട്ടത്തില്‍ പങ്കെടുത്തവരില്‍ ആന്റിബോഡി കൃത്യമായി പ്രകികരിച്ചെന്നാണ് ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജൂണ്‍- ജൂലൈ മാസങ്ങളില്‍ നടന്നിട്ടുള്ള വാക്സിന്‍ പരീക്ഷണങ്ങളില്‍ 76 പേരാണ് പങ്കെടുത്തത്. 100% പേരിലും ആന്റിബോഡിയും രൂപപ്പെട്ടിട്ടുണ്ടെന്നും വാക്സിന്‍ സുരക്ഷിതമാണെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. വാക്സിന്‍ പരീക്ഷിച്ചവരില്‍ പാര്‍ശ്വഫലങ്ങളൊന്നുമുണ്ടായില്ലെന്നും ജേണലില്‍ പറയുന്നു.

Exit mobile version