സുദർശൻ ടിവിയ്ക്ക് ഇപ്പോഴും സ്‌പോൺസർഷിപ്പ്; അമുൽ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം

ന്യൂഡൽഹി: സോഷ്യൽമീഡിയയിലടക്കം ഇസ്ലാംവിദ്വേഷം പ്രചരിപ്പിക്കുന്ന സംഘപരിവാർ ചാനൽ സുദർശൻ ടിവിയുടെ പരിപാടി ഡൽഹി ഹൈക്കോടതി തടഞ്ഞിട്ടും അതേ ചാനലിന് സ്‌പോൺസർഷിപ്പ് തുടരുന്ന ‘അമുലി’നെതിരെ സമൂഹ മാധ്യമങ്ങളിൽ ബഹിഷ്‌കരണാഹ്വാനം.

ഇന്ത്യയുടെ കാമധേനുവായി വാഴ്ത്തപ്പെടുന്ന ഗുജറാത്ത് ആസ്ഥാനമായുള്ള അമുൽ കമ്പനിയാണ് ചാനലിന് സ്‌പോൺസർഷിപ്പ് തുടരുന്നത്. അതേസമയം, വിഷയത്തിൽ ഇനിയും പ്രതികരിക്കുകയോ സിപോൺസർഷിപ്പ് അവസാനിപ്പിക്കുകയോ ചെയ്യാത്ത ‘അമുലി’നെ ബഹിഷ്‌കരിക്കുക എന്ന ആഹ്വാനവുമായി ട്വിറ്ററിൽ ക്യാംപെയിൻ സജീവമാണ്.

പരസ്യവാചകങ്ങൾ മാറ്റി ‘ഇന്ത്യയുടെ രുചി’ എന്നതിനു പകരം ഇന്ത്യയുടെ മാലിന്യം എന്നതുൾപ്പെടെ പ്രചാരണവും ചിലർ ഏറ്റെടുത്തിട്ടുണ്ട്. ഇനി അമുൽ ഉപയോഗിക്കില്ലെന്നും ബഹിഷ്‌കരിക്കുക എന്നും ആഹ്വാനം ചെയ്ത് നിരവധി പേരാണ് രംഗത്തുള്ളത്. ചാനലിന് സ്‌പോൺസർഷിപ്പ് തുടരുന്നത് പുനരാലോചിക്കണമെന്ന് യുകെ ആസ്ഥാനമായ ‘സ്‌റ്റോപ് ഫണ്ടിങ് ഹെയ്റ്റ്’ അമുലിനോട് ആവശ്യപ്പെട്ടു.

സർക്കാർ ജോലികൾ മുസ്‌ലിംകൾ പിടിച്ചെടുക്കുന്നുവെന്നാരോപിച്ച് യുപിഎസ്‌സി ജിഹാദ് എന്ന ഹാഷ്ടാഗിലായിരുന്നു സംഘപരിവാർ ചാനലായ സുദർശൻ ടിവി വിദ്വേഷ പ്രചാരണ പരിപാടി നടത്താൻ തുനിഞ്ഞത്. എന്നാൽ, ‘ബിന്ദാസ് ബോൽ’ എന്ന പേരിലുള്ള പ്രസ്തുത പരിപാടി ഡൽഹി ഹൈക്കോടതി തടഞ്ഞു. ജാമിഅ വിദ്യാർത്ഥികളാണ് ഹർജി സമർപ്പിച്ചത്. തുടർന്ന് വെള്ളിയാഴ്ച എട്ടുമണിക്ക് ഷെഡ്യൂൾ ചെയ്ത പരിപാടി സ്‌റ്റേ ചെയ്യുകയായിരുന്നു.

Exit mobile version