ജപ്പാനീസ് നോവൽ പ്രചോദനം; സോസ് കൊണ്ട് കണ്ണാടിയിൽ എഴുതി, ശേഷം തകർത്തു

ലഖ്‌നൗ: യുപിയിൽ നഗരത്തിൽ നടന്ന അത്യാഹിത സംഭവം മണിക്കൂറുകൾ കൊണ്ട് ചുരുളഴിച്ച് പോലീസ്. ലഖ്‌നൗ നഗരത്തെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ 14കാരിയായ പ്രതിയെ പോലീസ് തിരിച്ചറിയുകയായിരുന്നു. നഗരത്തിലെ അതിസുരക്ഷാമേഖലയിൽ താമസിക്കുന്ന മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥന്റെ ഭാര്യയും മകനും വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച സംഭവത്തിലാണ് 14കാരിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പെൺകുട്ടിയുടെ അമ്മയും സഹോദരനുമാണ് കൊല്ലപ്പെട്ടവർ. റെയിൽവേ ഉദ്യോഗസ്ഥന്റെ മകളായ ഈ പെൺകുട്ടി ദേശീയതലത്തിൽ ഷൂട്ടിങ് താരം കൂടിയാണ്. പെൺകുട്ടി കുറ്റംസമ്മതിച്ചതായും എല്ലാകാര്യങ്ങളും തുറന്നുപറഞ്ഞതായും പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസമാണ് റെയിൽവേ ഉദ്യോഗസ്ഥന്റെ ഭാര്യയും മകനും വീട്ടിൽ വെടിയേറ്റ് മരിച്ചത്. 14കാരിയായ മകൾക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊലപാതകം നടന്നത് കവർച്ചാശ്രമത്തിനിടെയല്ലെന്ന് തുടക്കത്തിലേ ബോധ്യമായതോടെ പെൺകുട്ടിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വീട്ടിലേക്ക് ആരും വരികയോ പുറത്തുപോവുകയോ ചെയ്തിട്ടില്ലെന്നും ഉറപ്പുവരുത്തി.

പോലീസ് പെൺകുട്ടിയുടെ കിടപ്പുമുറിയും ശുചിമുറിയും പരിശോധിച്ചതോടെ ചില അസ്വാഭാവികതകൾ ശ്രദ്ധയിൽപ്പെട്ടതാണ് കേസിൽ നിർണായകമായത്. പെൺകുട്ടിയുടെ മുറിയിലെ ചില കുറിപ്പുകളും ശുചിമുറിയിലെ കണ്ണാടി വെടിയേറ്റ് തകർന്നതുമെല്ലാം സംശയത്തിനിടയാക്കിയിരുന്നു. ഇതേത്തുടർന്നാണ് കൗൺസിലർമാരുടെ സഹായത്തോടെ പോലീസ് പെൺകുട്ടിയെ ചോദ്യംചെയ്തത്.

തുടർന്ന് പെൺകുട്ടിയെ മാനസികാരോഗ്യവിദഗ്ധന്റെ സഹായത്തോടെ ചോദ്യംചെയ്തതോടെ ഇരട്ടക്കൊലയുടെ ചുരുളഴിയുകയായിരുന്നു. കടുത്ത വിഷാദത്തിന് അടിമപ്പെട്ടിരുന്ന പെൺകുട്ടി ഒരു ജപ്പാനീസ് നോവലിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരത്തിലൊരു കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഈ നോവലിലെ കഥാപാത്രങ്ങളായി യഥാർത്ഥ ജീവിതത്തിൽ ഇവരെ കണ്ടാണ് പെൺകുട്ടി അമ്മയെയും സഹോദരനെയും കൊലപ്പെടുത്തുന്നതിലേക്ക് നീങ്ങിയതെന്നും പോലീസ് പറഞ്ഞു.

അമ്മയും സഹോദരനും ഉറങ്ങികിടക്കുന്നതിനിടെയാണ് പെൺകുട്ടി ഇരുവരെയും വെടിവെച്ച് കൊലപ്പെടുത്തിയത്. അതിന് മുമ്പ് ഏറെസമയമെടുത്ത് കുളിച്ചിരുന്നു. ശേഷം കുളിമുറിയിലെ കണ്ണാടിയിൽ ‘ഞാൻ അയോഗ്യനായ മനുഷ്യൻ’ എന്ന് ടൊമാറ്റോ സോസ് കൊണ്ട് എഴുതുകയും ചെയ്തിരുന്നു. അഞ്ച് വെടിയുണ്ടകൾ തോക്കിൽ നിറച്ച് ആദ്യത്തെ വെടിയുണ്ട ഉപയോഗിച്ച് കണ്ണാടി തകർക്കുകയും പിന്നീട് മാതാവിനേയും സഹോദരനേയും കൊലപ്പെടുത്തുകയുമായിരുന്നു.

പെൺകുട്ടിയുടെ മുറിയിൽനിന്ന് വെടിവെക്കാൻ ഉപയോഗിച്ച തോക്കും തലയോട്ടിയുടെ കളിപ്പാട്ടരൂപവും വിചിത്രമായ ചില ചിത്രങ്ങളും കണ്ടെടുത്തായി പോലീസ് അറിയിച്ചു. പഠനത്തിൽ മികച്ചനിലവാരം പുലർത്തിയിരുന്ന പെൺകുട്ടി ഏത് സാഹചര്യത്തിലാണ് ഇങ്ങനെയൊരുനിലയിലേക്ക് എത്തിച്ചേർന്നതെന്ന് കണ്ടെത്താൻ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുമെന്നും പോലീസ് പറഞ്ഞു.

Exit mobile version