ക്ഷേത്രങ്ങള്‍ തുറക്കണം, കോവിഡ് പടരുമ്പോള്‍ പ്രതിഷേധവുമായി ബിജെപി തെരുവില്‍

മുംബൈ: ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബിജെപി തെരുവിലിറങ്ങി. മഹാരാഷ്ട്രയിലാണ് സംഭവം. മണിമുഴക്കി കൊണ്ടാണ് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാനത്തെ പ്രധാനക്ഷേത്രങ്ങള്‍ക്ക് പുറത്തായിരുന്നു ബിജെപി നേതാക്കളുടെ പ്രതിഷേധം.

കേന്ദ്രസര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അത് നടപ്പിലാക്കുന്നില്ലെന്നും ബിജെപി ആരോപിച്ചു. മദ്യശാലകളും ഷോപ്പിംഗ് മാളുകളും തുറക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും ആരാധനാലയങ്ങള്‍ക്ക് ഇളവ് അനുവദിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന യൂണിറ്റ് പ്രസിഡണ്ട് ചന്ദ്രകാന്ത് പട്ടീല്‍ പറഞ്ഞു.

അതേസമയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മുന്‍കരുതല്‍ പാലിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ സര്‍ക്കാര്‍ അവരുടെ ആരാധനക്ക് തടസമാവരുതെന്ന് മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ജനങ്ങള്‍ ആരാധനാലയങ്ങളിലേക്ക് പോവുകയാണെങ്കില്‍ അവര്‍ക്ക് മാനസികോല്ലാസം ലഭിക്കുമെന്നും ഫഡ്നാവിസ് പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ശനിയാഴ്ച്ച മാത്രം ഇവിടെ 16867 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മഹാരാഷ്ട്രയില്‍ ഇതുവരേയും കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 764281 ആയി.

Exit mobile version