മോഡി ആലിംഗനം ചെയ്തു സ്വീകരിച്ചപ്പോള്‍ പ്രശ്‌നമില്ല, ആമിര്‍ഖാന്‍ പോയപ്പോള്‍ വിവാദമാക്കി ആര്‍എസ്എസ്

ന്യൂഡല്‍ഹി: ബോളിവുഡ് താരം ആമിര്‍ ഖാന്‍ തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്റെ ഭാര്യ എമിന്‍ എര്‍ദോഗനെ സന്ദര്‍ശിച്ചത് ആര്‍എസ്എസ് വിവാദമാക്കി മാറ്റിയിരുന്നു. ദേശവിരുദ്ധം എന്നായിരുന്നു ആര്‍എസ്എസ് ആമിര്‍ ഖാന്‍ എമിന്‍ എര്‍ദോഗന്‍ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്.

എന്നാല്‍ ആര്‍എസ്എസ് നടപടിക്കെതിരെ എങ്ങും പ്രതിഷേധം ഉയരുകയാണ്. ‘വിശിഷ്ടമായ നിമിഷം’ എന്ന് തുര്‍ക്കിയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് പാണ്ഡ വിശേഷിപ്പിച്ച കൂടിക്കാഴ്ചയെയാണ് ആര്എസ്എസ് മുഖപത്രമായ പാഞ്ചജന്യം ദേശവിരുദ്ധ നടപടിയായി ചിത്രീകരിച്ചിരിക്കുന്നത്.

ആമിര്‍ഖാനെ വിമര്‍ശിച്ച ആര്‍എസ്എസിന് മറുപടിയെന്നോണം പ്രധാനമന്ത്രി നരേന്ദ്ര മോഡി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനൊപ്പം നില്‍ക്കുന്ന ചിത്രം വിമര്‍ശകര്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും പ്രചരിപ്പിച്ചു. 2017 മേയില്‍ ഇന്ത്യയിലെത്തിയ എര്‍ദോഗനെ മോദി ആശ്ലേഷിച്ചു നില്‍ക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

ആമിറിനെ വിമര്‍ശിക്കുന്ന ആര്‍എസ്എസ് വിദേശരാജ്യങ്ങളിലെ അംബാസഡര്‍മാര്‍ക്കു കൂടി ക്ലാസ് എടുക്കണമെന്നാണു വിമര്‍ശനം ഉയരുന്നത്. തുര്‍ക്കി പ്രസിഡന്റിന്റെ ഇന്ത്യ വിരുദ്ധ നിലപാടുകള്‍ ചൂണ്ടിക്കാട്ടിയാണ് ആമിറിന്റെ സന്ദര്‍ശനത്തെ ആര്‍എസ്എസ് എതിര്‍ക്കുന്നത്.

ജമ്മു കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്റെ നിലപാടുകളെ എര്‍ദോഗന്‍ പിന്തുണച്ചുവെന്നാണ് ആര്‍എസ്എസിന്റെ വിമര്‍ശനം. എന്നാല്‍ 2017ല്‍ എര്‍ദോഗനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആലിംഗനം ചെയ്തു സ്വീകരിച്ചതാണു പലരും ചൂണ്ടിക്കാട്ടുന്നത്.

ആമിര്‍ഖാന്റെ സന്ദര്‍ശനത്തെ വിമര്‍ശിച്ച ആര്‍എസ്എസ് മുഖപത്രം, ചൈനീസ് ഉല്പ്പന്നങ്ങളെ നടന്‍ പ്രോത്സാഹിപ്പിക്കുന്നെന്നും കുറ്റപ്പെടുത്തി. സ്വന്തം രാജ്യത്തിലെ പോലെതന്നെ ശത്രുരാജ്യങ്ങളായ ചൈനയുടെയും തുര്‍ക്കിയുടെയും അഭിനേതാക്കളും ഇവിടെയുണ്ട്- ആമിറിനെ ലക്ഷ്യമിട്ട് ലേഖനം വിമര്‍ശിച്ചു.

തുര്‍ക്കിയുടെ പ്രഥമ വനിതയോടൊപ്പം ചിത്രങ്ങളെടുത്ത് ആ രാജ്യത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകാനാണു ശ്രമിക്കുന്നതെന്നും ലേഖനം പറഞ്ഞു. ലാല്‍സിങ്ഛദ്ദ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടിയാണ് ആമിര്‍ ഖാന്‍ തുര്‍ക്കിയിലെത്തിയത്.

Exit mobile version