കൊവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ചു, അന്ത്യകര്‍മ്മം കഴിഞ്ഞ് റൂമില്‍ കയറി വാതില്‍ അടച്ചു; തുറന്ന് നോക്കിയപ്പോള്‍ കണ്ടത് അംഗപരിമിതിയുള്ള മകനും യുവതിയും മരിച്ച നിലയില്‍

കൊല്‍ക്കത്ത: കൊവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ അംഗപരിമിതിയുള്ള മകനും ഭാര്യയും മരിച്ച നിലയില്‍. പശ്ചിമ ബംഗാളിലാണ് സംഭവം. കടുത്ത പനിയും ശ്വാസ തടസ്സവും കാരണം ശനിയാഴ്ചയാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ ആശുപത്രിയില്‍ എത്തിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇദ്ദേഹം മരണപ്പെടുകയും ചെയ്തു. പിന്നാലെ നടത്തിയ കൊവിഡ് ടെസ്റ്റില്‍ പോസിറ്റീവ് ആകുകയായിരുന്നു. അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം തിരിച്ച് വീട്ടിലെത്തിയ യുവതി മകനെയും കൂട്ടി മുറിക്കുള്ളില്‍ കയറി വാതില്‍ അടച്ചു. കുറച്ച് കഴിഞ്ഞ് യുവതിയുടെ പിതാവ് ഭക്ഷണവുമായി ബന്ധുവിനെ വീട്ടിലേക്ക് അയച്ചിരുന്നു.

എന്നാല്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് മുറിയുടെ ജനാല തകര്‍ത്ത് നോക്കിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടത്. യുവതിയെ തൂങ്ങിമരിച്ച നിലയിലും മകന്‍ നിലത്ത് കിടക്കുന്ന രീതിയിലും ആയിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഭര്‍ത്താവിന്റെ വിയോഗം താങ്ങാന്‍ കഴിയാതെയാണ് യുവതി ഇത്തരത്തില്‍ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു.

Exit mobile version