എന്ത് കോവിഡ്; നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്ഷേത്രത്തില്‍ പൂജയ്‌ക്കെത്തിയത് നൂറുകണക്കിനാളുകള്‍

ബെംഗളൂരു: രാജ്യത്താകമാനം കോവിഡ് വ്യാപിക്കുകയാണ്. പല സ്ഥലങ്ങളിലും കോവിഡ് വ്യാപനം തടയാന്‍ ആളുകള്‍ കൂടുന്ന പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്. അതിനിടെ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്ഷേത്രത്തില്‍ പൂജയ്ക്കിടെ ഗേറ്റ് തകര്‍ത്ത് അതിക്രമിച്ചു കയറിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

കര്‍ണാടകയിലെ കോപ്പല്‍ ജില്ലയില്‍ ദോത്തിഹല്‍ ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് സംഭവം. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സുരക്ഷമാനദണ്ഡങ്ങള്‍ പാലിച്ച് ക്ഷേത്രത്തില്‍ പൂജ നടത്താന്‍ തഹസില്‍ദാര്‍ അനുമതി നല്‍കിയിരുന്നു. ചുരുങ്ങിയ ആളുകള്‍ക്കു മാത്രമാണ് ക്ഷേത്രത്തിനുള്ളില്‍ പ്രവേശനം അനുവദിച്ചിരുന്നത്.

എന്നാല്‍ പൂജ തുടങ്ങി കുറച്ചുസമയത്തിനു ശേഷം പുറത്തു കൂടിനിന്ന ആളുകള്‍ ഗേറ്റായി ഉപയോഗിച്ചിരുന്ന ഇരുമ്പ് ഗ്രില്‍ തകര്‍ക്കുകയും ക്ഷേത്രത്തിലെ രഥം വലിച്ചു പുറത്തിറക്കുകയുമായിരുന്നെന്നു ജില്ലാ പോലീസ് മേധാവി ജി.സംഗീത പറഞ്ഞു. ഈ സമയം കൂടുതല്‍ ആളുകള്‍ എത്തിയതോടെ പോലീസ് ലാത്തിവീശി.

ആളുകളെ പിരിച്ചുവിട്ട ശേഷം രഥം തിരിച്ചു ക്ഷേത്രത്തിനുള്ളില്‍ കയറ്റി ഗേറ്റ് പൂട്ടിയെന്നും എസ്പി വ്യക്തമാക്കി. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് 50 പേരെ അറസ്റ്റ് ചെയ്തതു. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് എസ്പി പറഞ്ഞു. 7000 ത്തിലധികം ആളുകളുള്ള ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും ഒളിവിലാണ്.

Exit mobile version