ബിജെപി സർക്കാരിനെ വിമർശിച്ചു; ഗോവ ഗവർണർ തെറിച്ചു മേഘാലയയിലേക്ക്

പനാജി: ഗോവയിലെ ബിജെപി സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ വിവാദത്തിലായ ഗവർണ്ണർ സത്യപാൽ മല്ലിക്കിന് സ്ഥലം മാറ്റം. സത്യപാൽ മല്ലിക്കിനെ മേഘാലയ ഗവർണറായി മാറ്റി നിയമിച്ചു. മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷ്യാരിക്കാണ് ഗോവയുടെ അധിക ചുമതല. പ്രസിഡന്റ് രാം നാഥ് കോവിന്ദാണ് സത്യപാൽ മല്ലിക്കിൻറെ സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. 2019 നവംബറിലാണ് മാലിക്കിനെ ഗോവയിൽ ഗവർണറായി നിയമിച്ചത്. അതിന് മുൻപ് ജമ്മു കശ്മീർ സംസ്ഥാനത്തെ അവസാന ഗവർണറായിരുന്നു.

ഗോവയിലെ ബിജെപി സർക്കാരിനെ ഗവർണ്ണർ സത്യപാൽ മല്ലിക് വിമർശിച്ചത് വിവാദമായിരുന്നു. ഗോവയിലെ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി വാക്തർക്കമുണ്ടായതാണ് സത്യപാൽ മല്ലിക്കിന്റെ സ്ഥലം മാറ്റത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. ജൂലൈ മധ്യത്തിൽ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യത്തിൽ മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരസ്യമായിരുന്നു. അതിനും മുമ്പെ, പുതിയ രാജ് ഭവൻ നിർമ്മിക്കാനുള്ള ഗോവ സർക്കാർ തീരുമാനത്തെയും ഗവർണർ എതിർത്തിരുന്നു.

Exit mobile version