ഷാരൂഖ് ഖാന്റെ നാല് നില കെട്ടിടം ഇനി കൊവിഡ് ഐസിയു; വെന്റിലേറ്റർ അടക്കമുള്ള സൗകര്യങ്ങൾ സജ്ജം

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ നാല് നില ഓഫീസ് കെട്ടിടം കൊവിഡ് ഐസിയു ആക്കി മാറ്റി. കൊവിഡ് 19 അത്യാസന്ന നിലയിലുള്ള രോഗികൾക്ക് വെന്റിലേറ്റർ അടക്കമുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഹിന്ദുജ ആശുപത്രിയുടേയും ഷാരൂഖിന്റെ മീർ ഫൗണ്ടേഷന്റെയും ശ്രമഫലമായാണ് ഓഫീസ് കെട്ടിടം ഐസിയു ആക്കിയത്. ഓഗസ്റ്റ് എട്ട് മുതൽ 15 ഐസിയു ബെഡുകളാണ് ഈ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുക.

ഇരുപത്തിനാല് മണിക്കൂറും ആശുപത്രി പ്രവർത്തന സജ്ജമാണെന്നും ഹിന്ദുജ ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

രാജ്യം കൊവിഡിനെതിരെ പൊരുതുമ്പോൾ സഹായഹസ്തവുമായി ഷാരൂഖ് ഖാൻ മുമ്പുമെത്തിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്ക് പിപിഇ കിറ്റുകളും ഷാരൂഖ് ഖാനും വിതരണം ചെയ്തിരുന്നു. 25000 പിപിഇ കിറ്റുകളാണ് ഷാരൂഖ് നൽകിയത്.

മുംബൈയിലെ തങ്ങളുടെ നാല് നില കെട്ടിടം ക്വാറന്റൈന് വേണ്ടി ഉപയോഗിക്കാൻ വിട്ടുനൽകാമെന്നാണ് താരവും ഭാര്യ ഗൗരിയും മുമ്പ് അറിയിച്ചിരുന്നു. ഏപ്രിൽ മാസത്തിൽ താരത്തിന്റെ സഹായ സന്നദ്ധതയ്ക്ക് ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ നന്ദിയും അറിയിച്ചിരുന്നു. ഈ കെട്ടിടമാണ് ഇപ്പോൾ കൊവിഡ് ഐസിയു ആക്കിയിരിക്കുന്നത്.

Exit mobile version