65 വയസിന് മുകളില്‍ ഉള്ളവര്‍ക്കും ഷൂട്ടിംഗ് സെറ്റുകളില്‍ എത്താം; മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കി ബോംബെ ഹൈക്കോടതി

മുംബൈ: കൊവിഡ് ഭീഷണി നിലനില്‍ക്കെ സിനിമാ ഷൂട്ടിംഗ് സെറ്റുകളില്‍ 65 വയസിന് മുകളില്‍ ഉള്ളവര്‍ എത്തരുതെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കി. മുംബൈ ഹൈക്കോടതിയാണ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയത്. നിലവില്‍ മറ്റു വ്യക്തികള്‍ക്ക് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി 65 വയസിനു മേല്‍ പ്രായമുള്ളവര്‍ക്കും സെറ്റുകളിലെത്താമെന്ന് കോടതി അറിയിച്ചു.

ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. നേരത്തെ സംസ്ഥാനത്തെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സിനിമാ സെറ്റുകളില്‍ 65 വയസിനു മുകളിലുള്ളവരെ വിലക്കി മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടത്.

തുടര്‍ന്ന് ഇതിനെ ചോദ്യം ചെയ്ത് മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നടന്‍ പ്രമോദ് പാണ്ഡെയും കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഉപജീവനത്തിനായി ജോലി ചെയ്യുന്നവരെ വിലക്കാന്‍ എങ്ങനെ സര്‍ക്കാരിനാവുമെന്നായിരുന്നു കോടതി ചോദിച്ചത്. ശേഷം ഉത്തരവ് റദ്ദാക്കുകയായിരുന്നു. അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം ഇപ്പോഴും രൂക്ഷമാണ്.

Exit mobile version