അമിത് ഷാ എയിംസിനെ ഒഴിവാക്കി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നത് അത്ഭുതപ്പെടുത്തി; വിമര്‍ശനവുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കൊവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെ അമിത് ഷാ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ അടിസ്ഥാനത്തിലാണ് എംപിയുടെ വിമര്‍ശനം.

എയിംസില്‍ പോകുന്നതിനു പകരം സമീപ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ഷാ ചികിത്സ തേടി എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നു എന്നായിരുന്നു തരൂരിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് വിമര്‍ശനം തൊടുത്തത്. എയിംസിനെ കുറിച്ചുള്ള വിശാഖ് ചെറിയാന്‍ എന്ന ട്വിറ്റര്‍ ഉപയോക്താവിന്റെ ട്വീറ്റ് പങ്കുവെച്ചു കൊണ്ടായിരുന്നു തരൂര്‍ വിമര്‍ശനം തൊടുത്തത്.

ആധുനിക ഇന്ത്യയുടെ ദേവാലയങ്ങള്‍ എന്ന സങ്കല്‍പത്തില്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി സൃഷ്ടിച്ചതാണ് എയിംസ്. വന്‍ വ്യവസായങ്ങള്‍, ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമ്പത്തിക സംഘടനകള്‍ തുടങ്ങിയവയുടെ സങ്കലനത്തിലൂടെ ആധുനിക ഇന്ത്യയെ സൃഷ്ടിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു ഈ പ്രോജക്ടുകള്‍ എന്നായിരുന്നു വിശാഖ് ചെറിയാന്റെ ട്വീറ്റ്.

‘സത്യം. നമ്മുടെ ആഭ്യന്തരമന്ത്രി രോഗബാധിതനായപ്പോള്‍ എയിംസില്‍ പോകാതെ സമീപസംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പോകാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണ് എന്നത് അത്ഭുതപ്പെടുത്തുന്നു. ജനങ്ങളുടെ വിശ്വാസ്യത ആര്‍ജിക്കുന്നതിന് പൊതുമേഖ സ്ഥാപനങ്ങള്‍ക്ക് അധികാരികളുടെ പിന്തുണ ആവശ്യമുണ്ട്.’ തരൂര്‍ ട്വീറ്റ് ചെയ്തു.

Exit mobile version