മെഹബൂബ മുഫ്തിയുടെ തടങ്കല്‍ മൂന്ന് മാസം കൂടി നീട്ടി; തീരുമാനം പൊതു സുരക്ഷ കണക്കിലെടുത്തെന്ന് സര്‍ക്കാര്‍

ശ്രീനഗര്‍: മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തിയുടെ തടങ്കല്‍ കാലാവധി മൂന്ന് മാസത്തേയ്ക്ക് കൂടി നീട്ടി. പൊതു സുരക്ഷ കണക്കിലെടുത്താണ് തടങ്കല്‍ നീട്ടുന്നതെന്നാണ് സംഭവത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

പൊതുസുരക്ഷാ നിയമപ്രകാരമാണ് മെഹബൂബ മുഫ്തിയെ വീട്ടു തടങ്കലിലാക്കിയിരിക്കുന്നത്. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുകയും ലഡാക്ക്, ജമ്മുകാശ്മീര്‍ എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി ജമ്മുകശ്മീരിനെ വിഭജിക്കുകയും ചെയ്ത കേന്ദ്ര തീരുമാനത്തിനു ശേഷമായിരുന്നു അവിടുത്തെ പ്രധാന രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയത്.

കഴിഞ്ഞ ഓഗസ്റ്റ് അഞ്ചുമുതലാണ് ജമ്മുകാശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള എന്നിവര്‍ തടങ്കലിലായത്. അതേസമയം, മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെയും മകന്‍ ഒമര്‍ അബ്ദുള്ളയുടെയും തടങ്കല്‍ കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചിരുന്നു. എട്ട് മാസത്തോളം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തടങ്കലില്‍ കഴിഞ്ഞ ശേഷമാണ് ഏപ്രില്‍ 7 മുതല്‍ മുഫ്തിയെ വീട്ടുതടങ്കലിലാക്കിയത്.

Exit mobile version