കാശ്മീരിലെ കഠിനമായ തണുപ്പിനെ അതിജീവിക്കാന്‍ സാധിക്കുന്ന സ്ഥലത്തേക്ക് അമ്മയെ മാറ്റണം; അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മുഴുവന്‍ ഉത്തരവാദിത്വവും കേന്ദ്രസര്‍ക്കാരിന്; മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി

ജമ്മു കാശ്മീരിന്റെ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി ഓഗസ്റ്റ് മുതല്‍ തടങ്കലിലാണ്

ന്യൂഡല്‍ഹി: കാശ്മീരില്‍ കഠിന തണുപ്പാണ് വരുന്നതെന്നും ഇതിനെ അതിജീവിക്കാന്‍ കഴിയുന്ന എങ്ങോട്ടെങ്കിലും അമ്മയെ മാറ്റണമെന്നും അധികൃതരോട് ആവശ്യപ്പെട്ട് മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി രംഗത്ത്. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മുഴുവന്‍ ഉത്തരവാദിത്വവും കേന്ദ്രസര്‍ക്കാരിനായിരിക്കുമെന്നും ഇല്‍തിജ ട്വീറ്റ് ചെയ്തു.

ജമ്മു കാശ്മീരിന്റെ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി ഓഗസ്റ്റ് മുതല്‍ തടങ്കലിലാണ്. നിലവില്‍ മെഹ്ബൂബ മുഫ്തിയുടെ ആരോഗ്യനില മോശമാണെന്നും രക്തത്തില്‍ ഹീമോഗ്ലോബിനും കാല്‍സ്യവും കുറവാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്ത് തണുപ്പിനെ അതിജീവിക്കാനുള്ള സൗകര്യമില്ല.

ഇതേതുടര്‍ന്നാണ് അമ്മയെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റണമെന്ന് മകള്‍ ഇല്‍തിജ ആവശ്യപ്പെട്ടത്. കാശ്മീരിലെ കഠിനമായ തണുപ്പിനെ അതിജീവിക്കാന്‍ സാധിക്കുന്ന സൗകര്യമുള്ള മറ്റെവിടേക്കെങ്കിലും മാറ്റണമെന്ന് ആവശ്യപ്പെട്ട് ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കത്തെഴുതിയിട്ടുണ്ട്.

Exit mobile version