മദ്യമില്ല, ശീതളപാനീയത്തിലും കുടിവെള്ളത്തിലും സാനിറ്റൈസര്‍ കലക്കി കുടിച്ചു; 9 പേര്‍ മരിച്ചു

അമരാവതി: ശീതളപാനീയങ്ങളിലും കുടിവെള്ളത്തിലും സാനിറ്റൈസര്‍ കലക്കി കുടിച്ച ഒന്‍പത് പേര്‍ മരിച്ചു. ആന്ധ്ര പ്രദേശിലെ പ്രകാശം ജില്ലിയിലെ കുറിച്ചെഡു എന്ന സ്ഥലത്താണ് ദാരുണ സംഭവം. കൊവിഡ് 19 വ്യാപനം അതിരൂക്ഷമായതോടെ ഈ മേഖലകളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇത് മൂലം ഏതാനും നാളുകളായി ഇവിടുത്തെ മദ്യക്കടകള്‍ അടഞ്ഞുകിടക്കുകയാണ്. മദ്യം കിട്ടാത്തതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ സാനിറ്റൈസര്‍ കലക്കി കുടിച്ചത്. ഇവര്‍ കഴിച്ച സാനിറ്റൈസറില്‍ മറ്റെന്തെങ്കിലും കെമിക്കലുകളുടെ സാന്നിധ്യം ഉണ്ടോയെന്ന പരിശോധന നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

സാനിറ്റൈസറിനൊപ്പം മറ്റെന്തെങ്കിലും വസ്തുക്കള്‍ ഇവര്‍ കഴിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും പോലീസ് പറയുന്നു. കഴിഞ്ഞ പത്ത് ദിവസത്തോളമായി ഇവര്‍ സാനിറ്റൈസര്‍ കുടിക്കുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ മൊഴി നല്‍കി. കുറിച്ചെഡു മേഖലയില്‍ പ്രചാരത്തിലുള്ള സാനിറ്റൈസറുകളുടെ സാമ്പിളുകളും പരിശോധിക്കും.

വ്യാഴാഴ്ച വൈകുന്നേരമാണ് ഇത്തരം മരണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നത്. വ്യാഴാഴ്ച രാത്രി രണ്ട് ഭിക്ഷാടകര്‍ ക്ഷേത്ര പരിസരത്ത് തളര്‍ന്ന് വീഴുകയായിരുന്നു. ഇവരില്‍ ഒരാള്‍ സ്ഥലത്തുവച്ചും രണ്ടാമന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയില്‍ മറ്റൊരാളും മറ്റ് ആറ് പേര്‍ ഇന്ന് രാവിലെയുമാണ് മരിച്ചത്. നിരവധിപ്പേര്‍ വീടുകളിലും ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version