പട്ടിണിയും ദാരിദ്രവും മാത്രം, കാറുകള്‍ കഴുകി പണമുണ്ടാക്കി പുസ്തകങ്ങള്‍ വാങ്ങി, കഷ്ടപ്പെട്ടു പഠിച്ചു, സിബിഎസ്ഇ പരീക്ഷയില്‍ 91.7 ശതമാനം മാര്‍ക്ക് നേടി പരമേശ്വറിന് മിന്നും വിജയം

ന്യൂഡല്‍ഹി: ദാരിദ്രവും പട്ടിണിയും നിറഞ്ഞ ജീവിതം, കാറുകള്‍ കഴുകിയും മറ്റ് ജോലികള്‍ ചെയ്തുമാണ് പഠിച്ചത്. ഇക്കഴിഞ്ഞ സിബിഎസ്ഇ പരീക്ഷയില്‍ 91.7 ശതമാനം മാര്‍ക്ക് നേടി വിജയിച്ച പരമേശ്വര്‍ എന്ന വിദ്യാര്‍ത്ഥിയുടെ ജീവിതാവസ്ഥയാണിത്.

പഠിക്കാന്‍ മിടുക്കനാണ് പരമേശ്വര്‍. പക്ഷേ പഠിപ്പിക്കാന്‍ വീട്ടില്‍ ഗതിയില്ല. രണ്ട് മുറിക്കുള്ളിലായി തിങ്ങി നിറഞ്ഞ് ജീവിക്കുന്നത് ഒന്‍പത് പേരാണ്. ഡല്‍ഹിയിലെ ടൈഗ്രി ചേരിയിലാണ് പരമേശ്വറിന്റെ കുടുംബം താമസിക്കുന്നത്. ഈ വീട്ടില്‍ എപ്പോഴുമുണ്ടായിട്ടുള്ളത് വിശപ്പ് മാത്രമാണ്.

തന്റെ വിദ്യാഭ്യാസം മുന്നോട്ട് പോകണമെങ്കില്‍ ഒരു ജോലി അത്യാവശ്യമായിരുന്നു പരമേശ്വറിന്. അറുപത്തിരണ്ട് വയസ്സുള്ള പിതാവ് ഹൃദ്രോഗിയാണ്. കുടുംബം സംരക്ഷിക്കാന്‍ സ്ഥിരമായ വരുമാനമൊന്നും സഹോദരന്‍മാര്‍ക്ക് ഉണ്ടായിരുന്നില്ല. അവരെ ബുദ്ധിമുട്ടിക്കാന്‍ കഴിയാത്തത് കൊണ്ടാണ് പരമേശ്വര്‍ ജോലിക്ക് പോകാന്‍ തീരുമാനിച്ചത്.

ഖരഗ്പൂരില്‍ കാറുകള്‍ കഴുകുന്ന ജോലിയാണ് പരമേശ്വര്‍ ചെയ്തു കൊണ്ടിരുന്നത്. പത്താം ക്ലാസ് മുതല്‍ പരമേശ്വര്‍ ഈ ജോലിക്ക് പോയിത്തുടങ്ങി. പ്രതിമാസം 3000 രൂപ ലഭിക്കും. ഈ തുക യൂണിഫോമിനും പുസ്തകങ്ങള്‍ക്കും ചെലവാക്കും.

ഡല്‍ഹിയിലെ അതിശൈത്യത്തിന്റെ സമയത്തും പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേറ്റ് പരമേശ്വര്‍ കാറുകള്‍ കഴുകാന്‍ പോകും. അരമണിക്കൂറോളം നടന്നാണ് ജോലി ചെയ്യുന്ന സ്ഥലത്തെത്തുന്നത്. രണ്ടര മണിക്കൂര്‍ കൊണ്ട് 10-15 കാറുകള്‍ കഴുകും. ആഴ്ചയില്‍ ആറ് ദിവസവും പരമേശ്വര്‍ ജോലിക്ക് പോകും.

അതിനിടെ പിതാവിന് ശസ്ത്രക്രിയയും വേണ്ടി വന്നു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു പിതാവിന്റെ ശസ്ത്രക്രിയ. ഒപ്പം നില്‍ക്കാന്‍ ആരുമില്ലാത്തതിനാല്‍ പരമേശ്വറായിരുന്നു ആശുപത്രിയില്‍ സഹായത്തിനുണ്ടായിരുന്നത്. ഹിന്ദി പരീക്ഷയ്ക്ക് പഠിച്ചത് ആശുപത്രിയിലിരുന്നായിരുന്നു എന്ന് പരമേശ്വര്‍ പറയുന്നു.

പ്രതിസന്ധികളുടെ സമയത്ത് ആശാ സൊസൈറ്റി എന്ന എന്‍ജിഒ ആണ് എല്ലാ സഹായവും നല്‍കിയത്. ഡല്‍ഹി സര്‍വ്വകലാശാലയില്‍ ഇംഗ്ലീഷ് ഓണേഴ്‌സിന് അപേക്ഷിക്കാനുള്ള സഹായവും ഇവര്‍ ചെയ്തു. കഷ്ടപ്പെട്ട് പഠിച്ചതിനെല്ലാം ഫലമുണ്ടായി.

സിബിഎസ്ഇ പരീക്ഷയില്‍ 91.7 ശതമാനം മാര്‍ക്ക് നേടി പരമേശ്വര്‍ വിജയിച്ചു. ഭാവിയില്‍ അധ്യാപകനാകാനാണ് പരമേശ്വറിന്റെ ആഗ്രഹം. ‘മറ്റുള്ളവരെ സഹായിക്കാനുള്ള അറിവ് നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പഠിക്കാനും ട്യൂഷന് പോകാനും സാധിക്കാത്ത നിരവധി വിദ്യാര്‍ത്ഥികളുണ്ട്.’ പരമേശ്വര്‍ പറയുന്നു.

Exit mobile version