നാടെങ്ങും വെള്ളത്തില്‍, ഒടുവില്‍ ബോട്ടില്‍ കുഞ്ഞിന് ജന്മം നല്‍കി 25കാരി

ബീഹാര്‍: രാജ്യത്താകമാനം കോവിഡ് പടര്‍ന്നുപിടിച്ചതിന് പിന്നാലെ വെള്ളപ്പൊക്ക കെടുതിയിലും വലഞ്ഞിരിക്കുകയാണ് പല സംസ്ഥാനങ്ങളും. വെള്ളം ഉയര്‍ന്നതോടെ അസം, ബിഹാര്‍ സംസ്ഥാനങ്ങള്‍ ജനങ്ങളെയെല്ലാം റെസ്‌ക്യൂ ബോട്ടുകളില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്.

അതിനിടെ ബിഹാറില്‍ റെസ്‌ക്യൂ ബോട്ടില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് 25കാരി. ഈസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ കഴിഞ്ഞദിവസമാണ്‌ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. മുനി ലാല്‍ മഹാതോയുടെ ഭാര്യ റിമ ദേവിയാണ് റെസ്‌ക്യൂ ബോട്ടില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

എന്‍ഡിആര്‍എഫിന്റെ ബോട്ടിലായിരുന്നു യുവതിയുടെ പ്രസവം. ഗോബാരി ഗ്രാമത്തില്‍ താമസിക്കുന്ന ഗര്‍ഭിണിയായിരുന്ന റിമയും ഭര്‍ത്താവും വെള്ളം കയറിയതോടെ സ്ഥലം മാറുകയായിരുന്നു. ഇരുവരെയും രക്ഷപ്പെടുത്താനായി ബോട്ട് എത്തിയപ്പോള്‍ തന്നെ റിമ ദേവിക്ക് പ്രസവ വേദന തുടങ്ങിയിരുന്നു.

എന്നാല്‍ പേടിക്കേണ്ടതില്ലെന്ന് എന്‍ഡിആര്‍എഫ് യുവതിയെ ആശ്വസിപ്പിച്ചു. തുടര്‍ന്ന് എന്‍ഡിആര്‍എഫ് പ്രദേശത്തെ ആശാ വര്‍ക്കര്‍മാരുടെ സഹായത്തോടെ യുവതിയുടെ പ്രസവം ബോട്ടില്‍വെച്ച് നടത്താനുള്ള സൗകര്യങ്ങളും സ്വകാര്യതകളും ഉണ്ടാക്കി നല്‍കുകയായിരുന്നു.

അങ്ങനെ ബോട്ടില്‍ വെച്ച് തന്നെ യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അതിന് ശേഷം അമ്മയെയും കുഞ്ഞിനേയും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയെന്ന് എന്‍ഡിആര്‍എഫ് ചീഫ് വിജയ് സിന്‍ഹ പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അവരുടെ ആരോഗ്യകാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version