ആറ് കിലോമീറ്റര്‍ യാത്രക്ക് 9200 രൂപ വേണമെന്ന് ഡ്രൈവര്‍, നല്‍കാന്‍ കൈയ്യില്‍ പണമില്ലാതായതോടെ കോവിഡ് രോഗികളെ യാത്രാമധ്യേ ആംബുലന്‍സില്‍ നിന്നും വഴിയില്‍ ഇറക്കി വിട്ടു

കൊല്‍ക്കത്ത: ആവശ്യപ്പെട്ട പണം നല്‍കാതെ വന്നതോടെ ആംബുലന്‍സ് ഡ്രൈവര്‍ കോവിഡ് ബാധിതരായ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെയുള്ളവരെ വഴിയില്‍ ഇറക്കിവിട്ടു. കൊല്‍ക്കത്തയിലാണ് സംഭവം. ഇത്രയും വലിയ തുക നല്‍കാനില്ലെന്നും ദയവ് ചെയ്ത് മക്കളെ ആശുപത്രിയിലെത്തിക്കണമെന്നും കുഞ്ഞിന്റെ പിതാവ് അഭ്യര്‍ത്ഥിച്ചെങ്കിലും ഡ്രൈവര്‍ കേള്‍ക്കാന്‍ തയ്യാറായില്ല.

ആറ് കിലോമീറ്റര്‍ യാത്രക്ക് 9200 രൂപയാണ് ഡ്രൈവര്‍ ചോദിച്ചത്. എന്നാല്‍ ഇത് നല്‍കാതെ വന്നതോടെ കോവിഡ് ബാധിതരായ ഒമ്പത് മാസം, ഒമ്പത് വയസ് പ്രായമായ കുട്ടികളെയും അവരുടെ അമ്മയെയുമാണ് ആംബുലന്‍സ് ഡ്രൈവര്‍ ആശുപത്രിയിലേക്കുള്ള യാത്രമധ്യേ വഴിയില്‍ ഇറക്കിവിട്ടത്.

കൊല്‍ക്കത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തില്‍ ചികിത്സയിലിരുന്ന സഹോദരങ്ങള്‍ക്ക് രണ്ട് ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ സര്‍ക്കാരിന്റെ കീഴിലുള്ള കോവിഡ് സ്‌പെഷ്യാലിറ്റി കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ആറ് കിലോമീറ്റര്‍ അകലെയുള്ള കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലേക്ക് പോകുന്നതിനായാണ് ആംബുലന്‍സ് സഹായം തേടിയത്.

എന്നാല്‍ ഡ്രൈവര്‍ കൂടുതല്‍ പണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും ഇത്രയും തുക നല്‍കാനില്ലെന്നും ദയവ് ചെയ്ത് മക്കളെ ആശുപത്രിയിലെത്തിക്കണമെന്ന് അയാളോട് അഭ്യര്‍ഥിച്ചു എന്നും കുട്ടികളുടെ പിതാവ് പറയുന്നു.എന്നാല്‍ ആംബുലന്‍സ് ഡ്രൈവര്‍ അപേക്ഷകള്‍ ഒന്നും കേള്‍ക്കാന്‍ തയ്യാറായില്ല.

മറിച്ച് ഒമ്പത് മാസം മാത്രം പ്രായമായ ഇളയകുഞ്ഞിന് നല്‍കിയിരുന്ന ഓക്‌സിജന്‍ സപ്പോര്‍ട്ട് ഊരി മാറ്റിയ ശേഷം കുട്ടികളെയും അമ്മയെയും ആംബുലന്‍സില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു എന്നാണ് പിതാവ് ആരോപിക്കുന്നത്.
വിവരം അറിഞ്ഞ ചില ഡോക്ടര്‍മാര്‍ സംഭവത്തില്‍ ഇടപെട്ടതോടെ ഇതേ ആംബുലന്‍ഡ് ഡ്രൈവര്‍ 2000 രൂപയ്ക്ക് കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ വഴങ്ങുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version