കോവിഡ് സ്ഥിരീകരിച്ചിട്ടും അധികൃതര്‍ ആശുപത്രിയിലെത്താന്‍ സൗകര്യമൊരുക്കിയില്ല, ഭാര്യയേയും കൈക്കുഞ്ഞിനേയും കൂട്ടി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നടന്ന് രോഗി

ബംഗളൂരു: കോവിഡ് സ്ഥിരീകരിച്ചിട്ടും അധികൃതര്‍ ആശുപത്രിയിലെത്താന്‍ ആംബുലന്‍സ് അടക്കമുള്ള സൗകര്യം ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് ഭാര്യയെയും മക്കളേയും കൊണ്ട് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടന്ന് രോഗി. കര്‍ണാടകയിലാണ് സംഭവം.

മെഡിക്കല്‍ കോളജിലെ ഡ്രൈവറായ 32കാരനാണ് ആംബുലന്‍സ് സഹായം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഭാര്യയെയും അഞ്ച് വയസും 10 മാസവും മാത്രം പ്രായമുള്ള രണ്ട് കുട്ടികളേയും കൊണ്ട് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടന്നത്. വ്യാഴാഴ്ചയാണ് സംഭവം.

കുടുംബത്തോടൊപ്പം ചെറിയൊരു മുറിയില്‍ കഴിയുന്ന ഇയാള്‍ക്ക് റൂം ക്വാറന്റൈനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. മകനും പനി കണ്ടതോടെയാണ് യുവാവ് പരിഭ്രാന്തിയിലായത്. അടുത്തുള്ള കോവിഡ് ആശുപത്രി കണ്ടെത്താനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

തിങ്കളാഴ്ച സര്‍ക്കാര്‍ ആശുപത്രിയിലെത്തുകയും തുടര്‍ന്ന് കോവിഡ് പരിശോധന നടത്തുകയുമായിരുന്നു യുവാവ്. പരിശോധനാഫലം പോസിറ്റീവായെന്ന് വ്യാഴാഴ്ച അറിയിപ്പ് ലഭിച്ചു. തുടര്‍ന്ന് ഹെല്‍പ്ലൈനില്‍ വിവരമറിയിച്ചെങ്കിലും കാത്തിരിക്കാനായിരുന്നു നിര്‍ദേശം.

കുട്ടികള്‍ക്കും ഭാര്യയ്ക്കും കോവിഡ് പരിശോധന നടത്തണമെന്നു പറഞ്ഞപ്പോള്‍ അവരുമായി ആശുപത്രിയില്‍ എത്താന്‍ നിര്‍ദേശിച്ചെന്നും യുവാവ് പറയുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും തന്റെ പരാതി പരിഗണിച്ചില്ലെന്നും അവര്‍ തന്നെ ആട്ടിപ്പായിച്ചെന്നും യുവാവ് ആരോപിച്ചു.

ഇതേതുടര്‍ന്നാണ് ഇയാള്‍ കുടുംബവുമായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നടന്നത്. സര്‍ക്കാര്‍ സഹായം ലഭ്യമാകുമെന്ന് പ്രതീക്ഷിച്ചാണ് ഇദ്ദേഹം മുഖ്യമന്ത്രിയുടെ വസതിയ്ക്കു മുന്നില്‍ നേരിട്ട് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവം സുരക്ഷാജീവനക്കാര്‍ വഴി നേരത്തെ അറിഞ്ഞ മുഖ്യമന്ത്രിയുടെ സ്റ്റാഫ് ഉടന്‍ തന്നെ ആംബുലന്‍സ് ലഭ്യമാക്കി ഇദ്ദേഹത്തെ കെ സി ജനറല്‍ ആശുപത്രിയിലെത്തിച്ചു

Exit mobile version