2,75,640 രോഗികള്‍; കലിയടങ്ങാതെ കോവിഡ്, മഹാരാഷ്ട്രയിലെ സ്ഥിതി അതീവഗുരുതരം

മുംബൈ: കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്ന മഹാരാഷ്ട്രയിലെ സ്ഥിതി അതീവഗുരുതരമായി തുടരുന്നു. ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 2,75,640 ആയി. കഴിഞ്ഞദിവസം മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 233 പേരാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടും കോവിഡിനെ പിടിച്ചുകെട്ടാന്‍ കഴിയാത്തത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തുന്നു.

അതേസമയം, 3,606 പേര്‍ കഴിഞ്ഞദിവസം രോഗമുക്തിനേടി ആശുപത്രി വിട്ടു. ഇതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,52,613 ആയി. ഇത്‌ നേരിയ ആശ്വാസമേകുന്നു. 55.37 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്കെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെട്ടു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മുംബൈയിലാണ്. കഴിഞ്ഞ ദിവസവും ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും മുംബൈയില്‍ തന്നെയാണ്. മുംബൈയില്‍ 1390 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 62 പേര്‍ മരിക്കുകയും ചെയ്തു.

96253 പേര്‍ക്കാണ് മുംബൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 67830 പേര്‍ രോഗമുക്തിനേടി ആശുപത്രിവിട്ടു. 22959 ആണ് മുംബൈയിലെ ആക്ടീവ് കേസുകള്‍. തമിഴ്‌നാട്ടിലും സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. കഴിഞ്ഞദിവസം 4496 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

68 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ തമിഴ്‌നാട്ടില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,51,820 ഉം ആകെ മരണം 2167-ഉം ആയി. 1,02,310 പേര്‍ ഇതുവരെ രോഗമുക്തിനേടി ആശുപത്രിവിട്ടു. 47340 ആണ് നിലവില്‍ തമിഴ്‌നാട്ടിലെ ആക്ടീവ് കേസുകള്‍.

Exit mobile version