സിബിഎസ്ഇ പരീക്ഷയിൽ 600ൽ 600 മാർക്കും വാങ്ങി ഈ മിടുക്കി; മുതൽക്കൂട്ടായത് സമയം നോക്കാതെയുള്ള കൃത്യമായ പഠനം

ലഖ്‌നൗ: രാജ്യത്തിന് തന്നെ അഭിമാനമായി സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കി ദിവ്യാംശി ജയിൻ എന്ന മിടുമിടുക്കി. ലഖ്‌നൗ സ്വദേശിനിയായ ദിവ്യാംശി 600ൽ 600 മാർക്കും നേടിയാണ് വിസ്മയിപ്പിച്ചിരിക്കുന്നത്. വിശാലമായ സിലബസിനെ മുഴുവൻ ഉൾക്കൊള്ളാൻ കൊറോണ കാലത്തെ വെട്ടി ചുരുക്കിയ അധ്യയന ദിവസങ്ങൾക്ക് സാധിച്ചിരുന്നില്ല. അധ്യായന വർഷം വെട്ടിക്കുറച്ചതോടെ പല വിദ്യാർത്ഥികൾക്കും പഠനത്തിന് വലിയ വെല്ലുവിളി നേരിടേണ്ടി വന്നിരുന്നു. എന്നിട്ടും സ്വന്തമായ രീതിയിലൂടെ സിലബസ് മുഴുവൻ മനപ്പാഠമാക്കിയാണ് ദിവ്യാംശി അമ്പരപ്പിക്കുന്ന ജയം സ്വന്തമാക്കിയത്.

ലഖ്‌നൗ നവ്‌യുഗ് റേഡിയൻസ് സീനിയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥയാണ് ദിവ്യാംശി. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ സിലബസ് പഠിച്ചെടുത്തതു തന്നെയാണ് ദിവ്യാംശിയുടെ വിജയത്തിന്റെ രഹസ്യം. ദിവസേനെയുള്ള പ്രാർത്ഥനയും നന്നായുള്ള പഠനവും തന്നെ തുണച്ചുവെന്ന് ദിവ്യാംശി പറയുന്നു. ഓരോ വിഷയത്തിനും പ്രത്യേക കുറിപ്പുകൾ തയ്യാറാക്കി. ഇതോടെ പാഠഭാഗങ്ങൾ വളരെ വേഗത്തിൽ നന്നായി മനസിലാക്കാനും സാധിച്ചുവെന്നും വിജയത്തെ കുറിച്ച് ദിവ്യാംശി വ്യക്തമാക്കുന്നതിങ്ങനെ.

ഭാവിയിൽ ചരിത്രത്തിൽ ഗവേഷണം നടത്താനും അതിലൂടെ രാജ്യത്തിന്റെ കഴിഞ്ഞകാലത്തെപ്പറ്റി കൂടുതൽ മനസിലാക്കാനുമാണ് ദിവ്യാംശിയുടെ ആഗ്രഹം. പഠനത്തിനായി ഒരു ദിവസം എത്ര മണിക്കൂറുകൾ ചിലവഴിക്കുന്നുണ്ടെന്നൊന്നും ദിവ്യാംശിക്കറിയില്ല. പക്ഷേ കൃത്യമായ റിവിഷൻ നടത്താൻ താൻ ശ്രദ്ധിച്ചിരുന്നതായും വിദ്യാർത്ഥിനി പറയുന്നു.

റിവിഷനുകളും മോക്ക് ടെസ്റ്റുകളുമാണ് മികച്ച സ്‌കോർ നേടാൻ സഹായിച്ചത്. ഗൈഡുകളെക്കാൻ താൻ ആശ്രയിച്ചത് എൻസിഇആർടി പുസ്തകങ്ങളെയാണെന്നും ദിവ്യാംശി വ്യക്തമാക്കി. തന്റെ വിജയം മാതാപിതാക്കൾക്കും അധ്യാപകർക്കും സമർപ്പിക്കുകയാണ് ദിവ്യാംശി. തിങ്കളാഴ്ചയാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പുറത്തുവന്നത്.

Exit mobile version