32 ഡിഗ്രി ചൂടില്‍ പിപിഇ കിറ്റും ധരിച്ച് തറയില്‍ വിശ്രമിക്കുന്ന നഴ്‌സ്; കോവിഡ് പോരാളിയുടെ അഭിമാന ചിത്രം പങ്കുവച്ച് ആരോഗ്യമന്ത്രി

ഗുവാഹത്തി: കോവിഡ് കാലത്ത് ആരോഗ്യപ്രവര്‍ത്തകരുടെ ആത്മാര്‍ഥ സേവനത്തെ എത്രമാത്രം പ്രകീര്‍ത്തിച്ചാലും മതിവരില്ല. പിപിഇ കിറ്റ് ധരിച്ച് മണിക്കൂറുകളോളം ജീവന്‍ രക്ഷാ യജ്ഞത്തിലാണ് ഒരോരുത്തരും.

അതേസമയം, പിപിഇ കിറ്റ് ധരിച്ച് തറയില്‍ വിശ്രമിക്കുന്ന നഴ്‌സിന്റെ ചിത്രമാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. 32 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ പിപിഇ കിറ്റും ധരിച്ചാണ് അവര്‍ ജോലി ചെയ്യുന്നത്. കോവിഡ് കാലത്തെ അതിജീവനക്കാഴ്ചയായി മാറിയിരിക്കുകയാണ് ചിത്രം.

അസമിലെ ഗുവാഹത്തിയിലെ ഒരു ആശുപത്രിയില്‍ നിന്നുള്ള ചിത്രമാണിത്. 32 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ഈ പിപിഇ കിറ്റും ധരിച്ചുള്ള കഷ്ടപ്പാട് നമുക്ക് സങ്കല്‍പിക്കാവുന്നതിനും അപ്പുറമാണെന്ന് ട്വിറ്ററില്‍ പങ്കുവച്ച ഈ ചിത്രത്തില്‍ പറയുന്നു.

നഴ്‌സിനെ പ്രശംസിച്ച് അസം ആരോഗ്യമന്ത്രിയും രംഗത്തെത്തി. അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ ‘എന്റെ ടീമില്‍ അഭിമാനമുണ്ട്’ എന്നു പറഞ്ഞാണ് ചിത്രം റിട്വീറ്റ് ചെയ്തത്.

Exit mobile version