അപരാധി ഇല്ലാതായി, അപ്പോൾ സംരക്ഷകരോ: പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: വികാസ് ദുബെ വിഷയത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിൽ 8 പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും മാഫിയാ തലവനുമായിരുന്ന വികാസ് ദുബെ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തോടെ കേസിന് ഇന് എന്ത് സംഭവിക്കുമെന്നാണ് പ്രിയങ്ക ചോദിക്കുന്നത്. കുറ്റവാളി അവസാനിച്ചു പക്ഷേ, കുറ്റകൃത്യത്തെക്കുറിച്ചും അതിന് സംരക്ഷണം നൽകിയവരെക്കുറിച്ചും ഇനി എന്താണ് എന്ന ചോദ്യമാണ് പ്രിയങ്ക മുന്നോട്ടുവെച്ചിരിക്കുന്നത്. ദുബെയെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയ വാർത്തയ്ക്ക് തൊട്ടുപിന്നാലെയാണ് ട്വിറ്ററിലൂടെ പ്രിയങ്ക പ്രതികരണം നടത്തിയിരിക്കുന്നത്.

‘കുറ്റവാളി അവസാനിച്ചു, കുറ്റകൃത്യത്തെക്കുറിച്ചും അതിനെ സംരക്ഷിച്ച ആളുകളെക്കുറിച്ചും?’- പ്രിയങ്ക ട്വീറ്റ് ചെയ്യുന്നു.

അതേസമയം, പോലീസ് കസ്റ്റഡയിലിരിക്കെ ദുബെ കൊലചെയ്യപ്പെട്ട സംഭവത്തിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു. രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വികാസ് ദുബെയുടെ കൊലപാതകം തെളിവുകൾ നശിപ്പിക്കാനും അന്വേഷണം ഉന്നതരിലേക്ക് എത്തിച്ചേരാതിരിക്കാനും ആസൂത്രിതമായി നടത്തിയതാണെന്ന വാദം ശക്തിപ്പെടുന്നുണ്ട്. വികാസ് ദുബെയുടെ വീട് ഇടിച്ച് നികത്തിയ സംഭവം ഇതേ ഉദ്ദേശ്യത്തോട് തന്നെയാണെന്നാണ് ആരോപിക്കപ്പെടുന്നത്.

മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്നും അറസ്റ്റ് ചെയ്ത ദുബെയെ കാൺപൂരിലേക്ക് കൊണ്ടുംവരും വഴി രക്ഷപ്പെടാൻ ശ്രമിച്ചെന്നും ആത്മരക്ഷാർത്ഥം ദുബെയെ വെടിവെക്കുകയായിരുന്നു എന്നുമാണ് പോലീസിന്റെ ഭാഷ്യം. റിപ്പോർട്ടുകൾപ്രകാരം ദുബെ തലയ്ക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശത്തിലേക്ക് റോഡ് മാർഗമായിരുന്നു ദുബെയെ കൊണ്ടുവന്നിരുന്നത്. ഹൈവേയിൽവെച്ച് കാർ മറിയുകയും ദുബെ രക്ഷപ്പെടാൻ ശ്രമിച്ചെന്നും പോലീസ് പറയുന്നു.

Exit mobile version