വികാസ് ദുബെയെ അറസ്റ്റ് ചെയ്തു

ലഖ്‌നൗ: ഉത്തർപ്രദേശിൽ എട്ട് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ മാഫിയ സംഘത്തലവൻ വികാസ് ദുബെയെ അറസ്റ്റു ചെയ്തു. ഉജ്ജയിനിൽ വെച്ചാണ് പോലീസ് ദുബെയെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. അതേസമയം, അറസ്റ്റ് വിവരം ഔദ്യോഗികകമായി പുറത്തുവിട്ടിട്ടില്ല.

ഇന്ന് ദുബെയുടെ രണ്ട് സുഹൃത്തുക്കൾ കൂടി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. വികാസ് ദുബെയുടെ അനുയായിയായി അറിയപ്പെടുന്ന അമർ ദുബെയും ഹാമിർപുരിൽവെച്ച് ഇന്നലെ രാവിലെ നടന്ന എൻകൗണ്ടറിൽ കൊല്ലപ്പെട്ടിരുന്നു. സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.

ഈ സമയത്ത് വികാസ് ദുബെ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വികാസ് ദുബെയെ പിടിച്ചു തരുന്നവർക്ക് യുപി പോലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കാൺപൂർ ആക്രമണത്തിന് പിന്നാലെ യുപി പോലീസ് തയ്യാറാക്കിയ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ പട്ടികയിൽ ഒന്നാമതുള്ള പേരാണ് വികാസ് ദുബെ. വികാസിന്റെ സുഹൃത്ത് അമർ ദുബെയെ കണ്ടെത്തിത്തരുന്നവർക്ക് പോലീസ് 25000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

Exit mobile version